സംസ്കരണ കേന്ദ്രത്തിൽ മാലിന്യം കെട്ടിക്കിടക്കുന്നു
Mail This Article
വടക്കഞ്ചേരി∙ ഗ്രാമപഞ്ചായത്തിലെ കുറുവത്ത് കോളനിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. ക്ലീൻ വടക്കഞ്ചേരി പദ്ധതിയുടെ ഭാഗമായി അഴുകുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കുന്ന പ്രവൃത്തികളും നിലച്ചു. ശാസ്ത്രീയമായി മാലിന്യങ്ങള്‍ സംസ്ക്കരിച്ചിരുന്നത് ഇപ്പോള്‍ നടക്കുന്നില്ല. പൊടിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള ഇൻസിനറേറ്ററിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ ഒരേക്കര്‍ സ്ഥലത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. മാലിന്യങ്ങൾക്കരികിൽ തെരുവു നായ്ക്കൾ വർധിച്ചതും നാട്ടുകാരെ ഉപദ്രവിക്കുന്നതും കൂടിയതായി നാട്ടുകാര്‍ പറഞ്ഞു. ടൗണില്‍ നിന്നും വീടുകളില്‍ നിന്നും ഉള്ള മാലിന്യശേഖരണവും ഭാഗികമായേ നടക്കുന്നുള്ളൂ. പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്.
ജൈവ മാലിന്യമുപയോഗിച്ച് വളം ഉൽപാദിപ്പിച്ചത് കൊണ്ടുപോകാനും ആളില്ലാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ പൊടിച്ച് ഗ്രീൻ കേരള കമ്പനിക്ക് കൊടുത്തിരുന്നു. അതും നിലച്ചു. മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലെ അഴുകുന്ന മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേർതിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മാലിന്യങ്ങള്‍ പെരുകിയിരിക്കുന്നത്. വൻതുക മുടക്കി നിർമിച്ച മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. വ്യാപാരികളിൽ നിന്നും വീടുകളില്‍ നിന്നും മാലിന്യം സംസ്ക്കരിക്കാനെന്ന പേരിൽ തുക ഈടാക്കുന്നുണ്ടെങ്കിലും മാലിന്യങ്ങള്‍ മുഴുവന്‍ വാങ്ങാറില്ലെന്നും പരാതിയുണ്ട്.