ADVERTISEMENT

പാലക്കാട് ∙ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സർവീസുകൾ പലതും മുടങ്ങിയതിനൊപ്പം ജില്ലയിൽ 4 വർഷത്തിനിടെ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും വിൽപനയിൽ വലിയ വർധന. കോവിഡ് കാലത്തെ നിയന്ത്രണം മൂലം ബസുകൾ മുടങ്ങിയപ്പോഴാണ് ജനങ്ങളുടെ യാത്രാരീതി മാറിത്തുടങ്ങിയത്. നിയന്ത്രണങ്ങൾ മാറിയെങ്കിലും സ്വന്തം വാഹനത്തിലെ യാത്ര നാട്ടുകാർ തുടർന്നു. ഇതോടെ വരുമാനത്തിൽ ഇടിവുണ്ടായ സ്വകാര്യ, കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞു. 

ജില്ലയിൽ നാലു വർഷത്തിനിടെ പുതുതായി നിരത്തിലിറങ്ങിയതു 42,876 കാറുകളും 1,16,740 ഇരുചക്ര വാഹനങ്ങളുമാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപനയിലും വർധനയുണ്ടായി. നാലു വർഷത്തിനിടെ 1,21,371 കാറുകളുടെയും 1,74,185 ഇരുചക്ര വാഹനങ്ങളുടെയുമാണ് ഉടമസ്ഥാവകാശം മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനമായ പരിവാഹനിലെ കണക്കാണിത്. നഗരപ്രദേശങ്ങളിൽ കൂടുതലും കാറുകൾ വാങ്ങിയപ്പോൾ ഗ്രാമങ്ങളിലുള്ളവർ ഇരുചക്ര വാഹനങ്ങളാണു സ്വന്തമാക്കിയത്. 

സെക്കൻഡ് ഹാൻഡ് വിൽപനയിൽ വർധന
∙ജില്ലയിൽ സെക്കൻഡ് ഹാൻഡ് വാഹന വിൽപനയിലും വർധന. ഈ വർഷം മാത്രം ഇതുവരെ 16,936 കാറുകളും 29,536 ഇരുചക്ര വാഹനങ്ങളുമാണു വിറ്റത്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കു ധനകാര്യ സ്ഥാപനങ്ങൾ വായ്പ കൊടുക്കാൻ തുടങ്ങിയതാണ് ആളുകളെ ആകർഷിച്ചതെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുതിയ വാഹനങ്ങൾ വിൽക്കുന്ന ഷോറൂമുകളിലും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ലഭ്യമായിത്തുടങ്ങി. പരമാവധി 5 വർഷം ഉപയോഗിച്ച കാറുകളോടാണു പ്രിയം. ഉടമസ്ഥാവാകാശം മാറ്റുന്ന നൂലാമലകൾ ഇല്ല എന്നതും ഗുണമായി. 

ആഡംബര വാഹനങ്ങളോടും പ്രിയം
പാലക്കാട്ടുകാർക്ക് ആഡംബര വാഹനങ്ങളോടുള്ള പ്രിയം കൂടിയെന്നാണു മോട്ടർ വാഹന വകുപ്പിന്റെ കണക്കുകൾ. 2023–24 വർഷത്തിൽ 25 ലക്ഷത്തിനു മുകളിലുള്ള 1,116 പുതിയ കാറുകളാണു നിരത്തിലിറങ്ങിയത്. 50 ലക്ഷത്തിനു മുകളിലുള്ളവ 187. ഒരു കോടി രൂപയ്ക്കു മുകളിലുള്ള 21 കാറുകളും റജിസ്റ്റർ ചെയ്തു. യൂസ്ഡ് കാർ വിൽപനയിലും ആഡംബര കാറുകളോടു പ്രിയമുണ്ട്. ഡൽഹി ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നു വാങ്ങി ഇവിടെ എത്തിച്ച് രണ്ടു വർഷത്തിനിടെ റജിസ്ട്രേഷൻ നടത്തിയത് 6,510 കാറുകൾ. പലതും ആഡംബര കാറുകൾ. 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കു ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ കുറഞ്ഞ വിലയ്ക്കു വാഹനം ലഭ്യമായി തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com