ADVERTISEMENT

വടക്കഞ്ചേരി∙ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്കൊപ്പം സ്കൂൾ വാഹനങ്ങളില്‍ നിന്നും ‍ജൂലൈ 1 മുതൽ ടോൾ പിരിക്കുമെന്ന് കമ്പനി അധികൃതര്‍. 2022 മാർച്ചിൽ കലക്ടറുടെ അധ്യക്ഷതയില്‍ മന്ത്രി, എംപി, എംഎൽഎ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും പ്രദേശത്തെ സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. അത് പ്രകാരം വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി എന്നീ 6 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് ടോള്‍ പ്ലാസ അധികൃതര്‍ പ്രദേശവാസികള്‍ക്ക് ടോള്‍ നല്‍കണമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശക്തമായ സമരം മൂലം ഇത് നടപ്പിലായില്ല.

ജൂണ്‍ മാസം മുതല്‍ സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും സമരവുമായി ജനങ്ങള്‍ വീണ്ടും എത്തി. ആലത്തൂർ ഡിവൈഎസ്പി എ.കെ.വിശ്വനാഥൻ, വടക്കഞ്ചേരി എസ്എച്ച്ഒ കെ.പി.ബെന്നി, എസ്ഐ ജീഷ്മോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും പി.പി.സുമോദ് എംഎല്‍എ വിളിച്ചുകൂട്ടിയ യോഗത്തിലും സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനിച്ചു. ടോള്‍ കമ്പനി ടോള്‍ പിരിക്കില്ലെന്ന് ഉറപ്പും നല്‍കി. തുടര്‍ന്ന് പ്രദേശത്തെ സ്കൂള്‍ വാഹനങ്ങളുടെ ലിസ്റ്റും കമ്പനി ആവശ്യപ്പെട്ടു. 30 സ്കൂള്‍ വാഹനങ്ങള്‍ ലിസ്റ്റ് നല്‍കി. എന്നാല്‍ പ്രദേശവാസികള്‍ക്കൊപ്പം സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുമെന്നും കമ്പനിയുടെ മുകള്‍ തട്ടില്‍ നിന്നുള്ള നിര്‍ദേശമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com