ഒന്നാം വിള നടീൽ തുടങ്ങി; തൊഴിലാളി ക്ഷാമം രൂക്ഷം, അതിഥിത്തൊഴിലാളികളുടെ എണ്ണത്തിലും കുറവ്
Mail This Article
കോട്ടായി∙ മേഖലയിലെ പാടശേഖരങ്ങളിൽ ഒന്നാം വിള നെൽക്കൃഷി നടീൽ ആരംഭിച്ചു. കൃഷിപ്പണിക്ക് ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കുന്നില്ലെന്നു പാടശേഖരങ്ങൾ. അതിഥിത്തൊഴിലാളികൾ വളരെ കുറച്ച് പേർ മാത്രമാണ് ഇപ്രാവശ്യം എത്തിയിട്ടുള്ളത്. രണ്ടാം വിള കൃഷിപ്പണിക്ക് എത്തുന്ന അത്രയും തൊഴിലാളികൾ വിരിപ്പിന് എത്തിയിട്ടില്ല. പ്രദേശത്തു മുഴുവൻ പാടശേഖരങ്ങളിലും ഒരേ സമയം ഞാറ്റടി തയാറാക്കിയതിനാൽ എല്ലാ ഭാഗത്തും നടീൽ ആരംഭിച്ചിരിക്കുകയാണ്. നാട്ടിൽ തൊഴിലാളികൾ കുറയുന്നതും കൃഷിപ്പണിക്കു തിരിച്ചടിയാകുന്നുണ്ട്.
പഞ്ചായത്ത് തൊഴിലുറപ്പു ജോലികൾ കുറച്ചു ദിവസത്തേക്കു നിർത്തി വയ്ക്കണമെന്നാണു കർഷകരുടെ ആവശ്യം. ഞാറ്റടിക്കു മൂന്നാഴ്ചയിലേറെ മൂപ്പെത്തി. കാലാവസ്ഥ അനുകൂലമായതിനാൽ നടീലിനുള്ള തിരക്കിലാണു കർഷകർ. നടീലിനോടൊപ്പം വളപ്രയോഗവും നടക്കുന്നുണ്ട്. വിരിപ്പിന് ഉമ വിത്താണു കർഷകർ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. നെല്ലു സംഭരണ വില ലഭിക്കാത്തതിനാൽ കടം വാങ്ങിയാണു പലരും കൃഷിപ്പണി നടത്തുന്നത്.