‘മധുരം ഗായതി’യിൽ പുസ്തകവിരുന്ന്
Mail This Article
പാലക്കാട് ∙ ‘മധുരം ഗായതി’യിൽ വെറും വായന എന്നൊന്നില്ല. പുസ്തകങ്ങളുടെ വിരുന്നൊരുക്കലാണ് ഇവിടെ. കഥാകൃത്ത് രാജേഷ് മേനോന്റെ പാലക്കാട് പുതുപ്പരിയാരത്തെ ‘വിഹ’ എന്ന വീടിന്റെ മുകൾഭാഗത്താണ് ‘മധുരം ഗായതി’ എന്ന പാലക്കാടൻ പുസ്തകക്കലവറ. പാലക്കാടുമായി ബന്ധപ്പെട്ടതും ഇവിടുത്തെ എഴുത്തുകാരുടേതുമായി ആയിരത്തോളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ഔപചാരികതകളില്ലാതെ വായിക്കാനും വർത്തമാനം പറയാനുമുള്ള ഇടമാണിത്. പാലക്കാടൻ കാഴ്ചകളുടെ മനോഹരമായ ഫ്രെയിമുകൾ ചുവരിൽ കാണാം. പശ്ചാത്തലത്തിൽ ‘ആകാശവാണി’ പാടും. വരുന്നവർക്കെല്ലാം കട്ടൻചായയും. വായിക്കാൻ എത്തുന്നവരിൽ നിന്ന് അംഗത്വ ഫീസോ ഫണ്ടോ വാങ്ങുന്നില്ല. ലൈബ്രറി സമ്പ്രദായം പോലെ പുസ്തകം എടുത്തു കൊണ്ടുപോയി വായിക്കാനും പറ്റില്ല. എം.ടി.വാസുദേവൻ നായരുടെ ആദ്യപുസ്തകത്തിന്റെ, ഉദയ പ്രസിൽ അച്ചടിമഷി പുരണ്ട കോപ്പി മുതൽ ഇന്നു ലഭ്യമല്ലാത്ത പല കൃതികളും ‘മധുരം ഗായതി’യിലുണ്ട്. പാലക്കാടൻ എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രം സമ്മാനമായി സ്വീകരിക്കും.
സംവാദങ്ങളും ചർച്ചകളും പതിവായി നടക്കുന്നു. നാടൻപാട്ടു പാടാനും കലാവിരുന്ന് ഒരുക്കാനും കലാകാരൻമാരും ഇവിടെയെത്താറുണ്ട്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മുൻ ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി നിർവാഹക സമിതിയിലും ഒ.വി.വിജയൻ സ്മാരക ഭരണസമിതിയിലും അംഗമാണ്. ഈറം, മുണ്ടൂരിൽ നിന്നു തിരിയുന്ന വളവുകൾ, ഭാരതഖണ്ഠം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് വിജിലൻസ് യൂണിറ്റിൽ ജീവനക്കാരനാണ്. എഴുത്തുകാർ ഉൾക്കൊള്ളുന്ന ഒരു ആലോചനാസമിതിയാണ് ചർച്ചകൾക്കും മറ്റും നേതൃത്വം നൽകുന്നത്.