ADVERTISEMENT

പാലക്കാട് ∙ ഗവ. മെഡിക്കൽ കോളജിലെ ട്രോമ കെയറും പ്രവർത്തനം തുടങ്ങാതെ ‘പദ്ധതി’ മാത്രമായി ഒതുങ്ങുന്നു. ദേശീയപാതയോട് ഏറ്റവും അടുത്തുള്ള കേരളത്തിലെ ഏക മെഡിക്കൽ കോളജാണു പാലക്കാട് ഗവ. മെഡിക്കൽ കോളജ്. എയിംസുകളോട് ഒപ്പമെത്തുന്ന ട്രോമ കെയർ ആൻഡ് എമർജൻസി മെഡിക്കൽ സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയാൽ കേരളത്തിന്റെ അഭിമാനമാകും ഇത്. ‘കിടത്തിച്ചികിത്സ’ ആരംഭിച്ചതുപോലെ തട്ടിക്കൂട്ടാനുള്ള ശ്രമങ്ങൾ ഒരുതരത്തിലും അനുവദിക്കാൻ പാടില്ലെന്നും ഏറ്റവും മികച്ച ട്രോമ കെയർ സംവിധാനം ഒരുക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്. അതിവിശാലമായ കെട്ടിട സൗകര്യങ്ങളാണ് ട്രോമ കെയറിനായി ഒരുക്കിയിട്ടുള്ളത്. 

എയിംസ് ജോധ്പുരിന്റെ പദ്ധതി തയാറാക്കിയ വിദഗ്ധസംഘമാണു പാലക്കാട് മെഡിക്കൽ കോളജിനും പദ്ധതി തയാറാക്കിയിരിക്കുന്നത്. ട്രോമ കെയർ സംവിധാനം, എമർജൻസി മെഡിസിൻ എന്നിവയും ഓപ്പറേഷൻ തിയറ്ററുകളും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പച്ച എന്നീ വിഭാഗങ്ങളാക്കിയാണു ചികിത്സയുടെ മുൻഗണന നിശ്ചയിക്കുന്നത്. ഗർഭിണികൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ട്രോമ കെയർ ആൻഡ് എമർജൻസി മെഡിസിൻ സംവിധാനങ്ങളുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന രോഗികളാൽ ഡോക്ടർ കൊല്ലപ്പെടുന്ന സാഹചര്യം പോലും ചിലയിടങ്ങളിൽ ഉണ്ടായ പശ്ചാത്തലത്തി‍ൽ അത്തരം രോഗികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനം ഉണ്ട്. രാസവസ്തുക്കളാൽ പൊള്ളലേൽക്കൽ, വിഷം കഴിക്കൽ പോലെയുള്ള രോഗികളെ ചികിത്സിക്കാനും പ്രത്യേക സൗകര്യം ഉണ്ട്.

എമർജൻസി മെഡിസിൻ വിഭാഗം വേണം
രാത്രിയിൽ അപകടം പറ്റിയോ രോഗം ബാധിച്ചോ വരുന്നവരെ ചികിത്സിച്ചു വാർഡിലേക്കു മാറ്റുന്ന സംവിധാനമല്ല ഇവിടെ വേണ്ടത്. പ്രഫസർമാർ, അസോഷ്യേറ്റ് പ്രഫസർമാർ, റസിഡന്റുകൾ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റ് തന്നെ വേണം. പക്ഷേ, അത്തരമൊരു ആലോചന ഇതുവരെ ഉണ്ടായിട്ടില്ല. ജീവൻരക്ഷാ ആംബുലൻസുകൾ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി വേണം.

വേണം, ലവൽ ഒന്ന് ട്രോമ കെയർ
ലവൽ ഒന്ന് ട്രോമ കെയർ സംവിധാനമൊരുക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രമാണ് ഇതുള്ളത്. ട്രോമ കെയർ സംവിധാനം ഒരുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കാൻ സാധ്യതയേറെയാണ്. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കണം.

യോഗം നാളെ
പാലക്കാട് ∙ മെഡിക്കൽ കോളജിലെ തുടർ സമരപരിപാടികൾ ആലോചിക്കുന്നതിനുള്ള യോഗം 29ന് പത്തിന് സിവിൽ സ്റ്റേഷനു സമീപമുള്ള ആധാരം ഭവനിൽ നടത്തുമെന്നു മെഡിക്കൽ കോളജ് സമര ഐക്യദാർഢ്യ സമിതി കൺവീനർ റെയ്മണ്ട് ആന്റണി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com