പന്നിയങ്കര ടോൾ പ്ലാസ: ജൂലൈ 1 മുതല്‍ പ്രദേശവാസികൾക്ക് ടോൾ; പ്രതിഷേധം ശക്തമാകുന്നു
Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ 1 മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ എന്നിവ സമരം നടത്തിയിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും പല തവണ മാറ്റിവച്ച ടോള്‍ പിരിവ് ഇക്കുറി ഉണ്ടാകുമെന്നുമാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്. 340 രൂപയാണ് പ്രദേശവാസികളുടെ വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. തുകയില്‍ കുറവ് വരുത്തി നീക്കുപോക്ക് ഉണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം.
എന്നാല്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് പ്രദേശവാസികള്‍. കോൺഗ്രസ് വടക്കഞ്ചേരി, ആലത്തൂര്‍, പാണഞ്ചേരി ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4.30 ന് ടോൾ പ്ലാസയിലേക്കു മാര്‍ച്ച് നടത്തും. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. നാളെ കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 11 ന് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കുശലകുമാർ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി നാളെ വൈകുന്നേരം ടോള്‍ പ്ലാസയില്‍ പ്രതിഷേധ ധർണ നടത്തും. 30 ന് സിപിഐ ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
അന്നു ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയും ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തും. ജൂലൈ 1 ന് സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു. കോണ്‍ഗ്രസ് കമ്മിറ്റി, വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ എന്നിവയും സമരവുമായി ഉണ്ടാകും. പ്രദേശവാസികളിൽ നിന്നും ഒരു കാരണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാൽ ജൂലൈ 1ന് ടോൾ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.