ADVERTISEMENT

വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്, കേരള കോൺഗ്രസ്, ഡിവൈഎഫ്ഐ സംഘടനകള്‍ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാല്‍ പല പ്രാവശ്യം മാറ്റിവച്ച ടോൾ പിരിവ് ഇക്കുറി ഉണ്ടാകുമെന്നും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിന് നിവേദനം നല്‍കിയതായും ടോൾ പ്ലാസ അധികൃതർ പറഞ്ഞു. 340 രൂപയാണ് പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഒരു മാസം ടോള്‍ നല്‍കേണ്ടത്. തുക അടക്കാത്ത വാഹനങ്ങളെ കടത്തിവിടില്ല. എന്നാൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് പ്രദേശവാസികളും വിവിധ സംഘടനകളും. നാളെ രാവിലെ സിപിഎം ലോക്കൽ കമ്മിറ്റി പ്രതിഷേധം നടക്കും. ടോള്‍ പിരിവ് ഉണ്ടായാല്‍ ടോള്‍ പ്ലാസ ഉപരോധിക്കുമെന്ന് വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് ടോൾ കമ്പനി അധികൃതരെ ഉപരോധിക്കുന്നു.
ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് ടോൾ കമ്പനി അധികൃതരെ ഉപരോധിക്കുന്നു.

∙ കോൺഗ്രസ് മാർച്ച്
കോണ്‍ഗ്രസ് വടക്കഞ്ചേരി, ആലത്തൂര്‍, പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളിൽ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കരുതെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി കൊണ്ട് കമ്പനിയുടെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എ.തങ്കപ്പൻ പറഞ്ഞു. വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം.ദിലീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ കെ.വി.കണ്ണൻ, വിജയകുമാർ, ഡിസിസി സെക്രട്ടറി ഡോ.അർസലൻ നിസാം, കെപിസിസി അംഗം സുദർശൻ, ലീലാമ്മ, പഞ്ചായത്ത് അംഗം അമ്പിളി മോഹന്‍ദാസ്, റെജി.കെ.മാത്യു, ഇല്യാസ് പടിഞ്ഞാറേക്കളം എന്നിവര്‍ പ്രസംഗിച്ചു.

കേരള കോൺഗ്രസ് (എം) ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കേരള കോൺഗ്രസ് (എം) ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ ഉദ്ഘാടനം ചെയ്യുന്നു.

∙കേരള കോൺഗ്രസ് (എം)
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര നിഷേധിക്കുന്നതിനെതിരെ കേരള കോൺഗ്രസ് (എം) ടോൾ പ്ലാസയിലേക്ക് മാർച്ചും ധർണയും നടത്തി. അധികൃതർക്ക് നിവേദനവും നൽകി. ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ ഉദ്ഘാടനം ചെയ്തു. തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം എ.ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസഫ് മറ്റം, ബിജു പുലിക്കുന്നേൽ, പി.കെ.കൃഷ്ണൻ, കൃഷ്ണ മോഹൻ, സാജൻ, ജില്ലാ സെക്രട്ടറിമാരായ തോമസ് ജോൺ കാരുവള്ളി, ജോസ് വടക്കേക്കര, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ടൈറ്റസ് ജോസഫ്, പ്രേമ കൃഷ്ണകുമാർ, എ.ഇബ്രാഹിം, ജയിംസ് പടമാടൻ, സുനിൽ ദാസ്, രാധാകൃഷ്ണൻ, ജോയ് കുന്നത്തേടത്ത്, വിൽസൺ കണ്ണാടൻ, ജോഷ്വ രാജു, ജോൺ മണക്കളം, തൃശൂർ ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, ജോസ് പട്ടിക്കാട്, ജോസ് മുതുകാട്ടിൽ എന്നിവര്‍ പ്രസംഗിച്ചു.

∙ഡിവൈഎഫ്ഐ
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് ടോൾ കമ്പനി അധികൃതരെ ഉപരോധിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. ടോൾ പിരിവിനെതിരെ ഞായറാഴ്ച രാത്രി 10 ന് പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു. ഇന്നലെ നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷക്കീർ ഉദ്ഘാടനം ചെയ്തു. പി.വിനീത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.ശ്രീജിത്ത്, യു.അഷറഫ്, എസ്.സ്വരൂപ്, എസ്.കിരൺ, പി.സി.പ്രതീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com