ADVERTISEMENT

പാലക്കാട് ∙ ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം ആവശ്യത്തിനു ഡോക്ടർമാ‍ർ ഇല്ലാതെ കടുത്ത പ്രതിസന്ധിയിൽ. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള കാത്ത് ലാബ് ഉൾപ്പെടെ ഉണ്ടെങ്കിലും ചികിത്സയ്ക്കു നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. വർക്കിങ് അറേഞ്ച്മെന്റിലുള്ള ഇദ്ദേഹത്തിന്റെ സേവനത്തിലാണ് ഇപ്പോൾ കാർഡിയോളജി യൂണിറ്റ് പ്രവർത്തിക്കുന്നത്. കാർഡിയോളജി വിഭാഗം മേധാവി വിരമിക്കുന്നതിനു മുന്നോടിയായി അവധിയിൽ പോയി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു സംസ്ഥാനത്തെത്തന്നെ മികച്ച ചികിത്സാ സൗകര്യമുള്ള ഹൃദയാരോഗ്യ കേന്ദ്രം ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയത്. 

ശസ്ത്രക്രിയകൾ കുറയ്ക്കേണ്ടി വരുമെന്ന് ആശങ്ക
ഡോക്ടർ പ്രതിസന്ധി രൂക്ഷമായതോടെ ഹൃദയശസ്ത്രക്രിയകളുടെ എണ്ണമടക്കം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ആശങ്ക. ചെറുതും വലതുമായി മാസം ശരാശരി 200 ശസ്ത്രക്രിയകൾ ഇവിടെ നടത്തുന്നുണ്ട്. 24 മണിക്കൂറും സേവനം വേണ്ട വിഭാഗം കൂടിയാണിത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നടത്തുന്ന ഒപിയിൽ ശരാശരി 60 മുതൽ 80 പേർ ചികിത്സയ്ക്കെത്തുന്നുണ്ട്. ഡോക്ടറെ കാണാനായി അതിരാവിലെയെത്തി ഒപി ടിക്കറ്റെടുക്കാൻ വരി നിൽക്കുന്നവരും ഉണ്ട്. മികച്ച ചികിത്സയും അനുബന്ധ സൗകര്യങ്ങളും ഉള്ള കാത്ത് ലാബ് ജില്ലയ്ക്കും ഏറെ ആശ്വാസകരമാണ്. ജില്ലയിൽ മറ്റൊരിടത്തും സർക്കാർ ആശുപത്രി തലത്തിൽ കാത്ത് ലാബ് സൗകര്യം ഇല്ല.  

തസ്തികയും കുറവ്
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ ചികിത്സാ സൗകര്യങ്ങൾക്കനുസരിച്ചു വേണ്ടത്ര ഡോക്ടർ തസ്തിക ഇല്ല. ഉള്ള ഡോക്ടർമാരുടെ സേവനത്തിലാണു വർഷങ്ങളായി യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇവിടേക്കു നിയോഗിച്ച ഒരു കാർഡിയോളജിസ്റ്റ് വർക്കിങ് അറേഞ്ച്മെന്റ് പ്രകാരം എറണാകുളത്താണു ജോലി ചെയ്യുന്നത്. വടക്കഞ്ചേരി ആശുപത്രിയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലുള്ള ഹൃദ്രോഗ ചികിത്സാ വിദഗ്ധനെ വർക്കിങ് അറേഞ്ച്മെന്റിൽ ലഭ്യമാക്കിയാണു ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിന്റെ പ്രവർത്തനം. കാർഡിയോളജി വിഭാഗത്തിലേക്കു കൂടുതൽ ഡോക്ടർമാരെ അനുവദിക്കണമെന്നും ജില്ല ഒട്ടേറെത്തവണ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com