ADVERTISEMENT

വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കില്ല. വിവിധ സംഘ‌ടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ടോള്‍ കമ്പനി ടോള്‍ പിരിക്കില്ലെന്ന് അറിയിച്ചത്. ഇതോ‌ടെ കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന സമരങ്ങള്‍ അവസാനിപ്പിച്ചതായി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ സിപിഎമ്മും കോൺഗ്രസും സംയുക്തസമര സമിതിയും ടോള്‍ പ്ലാസയില്‍ പ്രതിഷേധവുമായി എത്തി. രാവിലെ 9 ന് ടോള്‍ പിരിക്കുമെന്ന് അറിയിച്ചിരുന്നതിനാല്‍ വടക്കഞ്ചേരി ജനകീയ വേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ അംഗങ്ങള്‍ ടോള്‍ ബൂത്തിലെത്തി കാര്യം തിരക്കി. ടോള്‍ പിരിക്കില്ലെന്ന് അറിയിച്ചതോടെ ടോള്‍ പ്ലാസയില്‍ ജൂലൈ 1 മുതല്‍ ടോള്‍ പിരിക്കുമെന്ന് അറിയിച്ച് ഒട്ടിച്ചിരുന്ന പോസ്റ്റര്‍ സമരക്കാര്‍ കീറിയെടുത്തു.

തുടര്‍ന്ന് പ്രതിഷേധവുമായി ടോള്‍ പ്ലാസ ഓഫിസിലെത്തി. 2022 മാര്‍ച്ച് 9 ന് ടോള്‍ പിരിവ് തുടങ്ങിയ സമയത്ത് ജില്ലാ കലക്ടറു‌‌ടെ അധ്യക്ഷതയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, അന്നത്തെ എംപി രമ്യ ഹരിദാസ്, പി.പി.സുമോദ് എംഎല്‍എ, ജനപ്രതിനിധികള്‍, സമരസമിതി ഭാരവാഹികള്‍ എന്നിവരും കരാര്‍ കമ്പനി അധികൃതരും നടത്തിയ ചര്‍ച്ചയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ ടോള്‍ പിരിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കിയതാണെന്നും ഉറപ്പ് പാലിക്കാതെ കമ്പനി പല പ്രാവശ്യം ടോള്‍ പിരിക്കാന്‍ അറിയിപ്പ് നല്‍കിയതായും ഇനി ഇത് അനുവദിക്കില്ലെന്നും സമര സമിതി നേതാക്കള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നല്‍കി. 

പന്നിയങ്കര ടോൾ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു ടോള്‍ പിരിക്കുന്നതിനെതിരെ നടത്തിയ സമരത്തെ തുടര്‍ന്ന് ഇന്നലെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ അംഗങ്ങൾ ജൂലൈ 1 മുതൽ ടോൾ പിരിക്കുമെന്ന് അറിയിച്ച് ടോള്‍ ബൂത്തില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നു.
പന്നിയങ്കര ടോൾ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു ടോള്‍ പിരിക്കുന്നതിനെതിരെ നടത്തിയ സമരത്തെ തുടര്‍ന്ന് ഇന്നലെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ അംഗങ്ങൾ ജൂലൈ 1 മുതൽ ടോൾ പിരിക്കുമെന്ന് അറിയിച്ച് ടോള്‍ ബൂത്തില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നു.

പ്രതിഷേധ കേന്ദ്രമായി ടോള്‍ പ്ലാസ
പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നലെ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ഉപേക്ഷിച്ചത്. വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ, കോണ്‍ഗ്രസ്, സിപിഐ, കേരള കോണ്‍ഗ്രസ് (എം), ബിജെപി, സിപിഎം, ഡിവൈഎഫ്ഐ സംഘടനകള്‍ 25 മുതല്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെയാണ് ടോള്‍ കമ്പനി നിലപാട് മാറ്റിയത്. ഇന്നലെ ടോൾ പ്ലാസയിലേക്ക് സിപിഎം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കെ.എൻ.സുകുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം.ശശി, ഏരിയ സെക്രട്ടറി ടി.കണ്ണൻ, വടക്കഞ്ചേരി ലോക്കൽ സെക്രട്ടറി കെ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com