ADVERTISEMENT

കോയമ്പത്തൂർ∙ കാട്ടാനകൾക്ക് പേടിസ്വപ്നമായിരുന്ന എട്ടിമട - മധുക്കര - വാളയാർ വരെയുള്ള വനത്തിനകത്തെ റെയിൽവേ ട്രാക്കിൽ അപകട നിരക്ക് പൂജ്യത്തിലേക്ക് എത്തിയതായി വനംവകുപ്പ്. ഈ വർഷം തമിഴ്നാട് വനംഭാഗത്ത് റെയിൽവേ ട്രാക്കിൽ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോടികൾ ചെലവിട്ട് എഐ ക്യാമറകളും ആനകൾ ട്രാക്കിനു സമീപം എത്തിയാൽ എൻജിൻ ഡ്രൈവർമാർക്ക് മുൻകൂട്ടി വിവരം നൽകുന്ന ഡിജിറ്റൽ ബോർഡുമാണ്  കാട്ടാനകൾക്ക് രക്ഷകരായത്.

2 സ്ഥലങ്ങളിലായി ട്രാക്കിനു താഴെ ആനകൾക്കു കടന്നുപോകാനായി അടിപ്പാതകളും ട്രാക്കിന് 150 മീറ്റർ അകലെയെത്തുന്ന മൃഗങ്ങളെ തിരിച്ചറിയാവുന്ന എഐ ക്യാമറകളും ട്രാക്ക് അപകടരഹിതമാക്കാൻ സഹായിച്ചു. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ 30 വരെയുള്ള മാസങ്ങളിൽ 500 തവണയാണ് ആനകൾ ട്രാക്കിന് സമീപം എത്തിയതെന്ന് എഐ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തി. അടിപ്പാതകൾ ഉണ്ടായിട്ടും ട്രാക്ക് മുറിച്ചുകടക്കാൻ ആനകൾ എത്തുന്നത് റെയിൽവേയേയും വനം വകുപ്പിനെയും ഒരേപോലെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും മുന്നറിയിപ്പ് ലഭിക്കുന്നതിനാൽ തുരത്താൻ സാധിക്കുന്നുണ്ട്.

അതേപോലെ വനമേഖലയിലേക്കു കടക്കുന്നതിനു തൊട്ടുമുൻപായി എൻജിൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകാൻ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാക്കിനു സമീപം ആനകൾ എത്തിയാൽ വാളയാർ,  എട്ടിമട റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് വിവരങ്ങൾ ലഭ്യമാകും. ഇവർ ഉടൻതന്നെ ഈ വഴിയിൽ കൂടി  കടന്നുപോകുന്ന ലോക്കോ പൈലറ്റുമാർക്ക് വിവരങ്ങൾ നൽകും. ഡ്രൈവർ വനാതിർത്തിയിൽ പ്രവേശിക്കുന്ന എ ലൈൻ, ബി ലൈൻ എന്നിവിടങ്ങളിലെ ബോർഡുകളിൽ ചുവന്ന നിറത്തിൽ ആനകളുടെ ചിത്രം ദൂരെ നിന്നു കാണാം. 

പകൽ സമയത്തെക്കാൾ രാത്രി ദൂരെ നിന്നു തന്നെ ട്രാക്കിനു സമീപം ആനകൾ എത്തിയാൽ ബോർഡിൽ  ആനകളുടെ ചിത്രം തെളിഞ്ഞുകാണും. ഉടൻതന്നെ ഡ്രൈവർക്ക് വേഗം കുറയ്ക്കാനും ട്രെയിൻ നിർത്താനും സാധിക്കുമെന്നാണ്  ക്യാമറ നിരീക്ഷിക്കുന്ന വനപാലക സംഘം പറഞ്ഞത്. ആന ഇറങ്ങുന്ന മേഖലയിലേക്ക് ട്രെയിൻ കയറുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തുമായി  7 കിമി നീളമുള്ള സ്ഥലത്താണ്  ഡിജിറ്റൽ ബോർഡ് തെളിഞ്ഞു കാണുക. ഇതിനു പുറമേയാണ് റെയിൽവേ, വനപാലക സംഘം അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശം കൂടി എത്തുക. ഇതോടെ മേഖലയിലെ അപകടനിരക്ക് പൂജ്യത്തിലേക്ക് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com