ADVERTISEMENT

പാലക്കാട് ∙ മലിനമായ നദികളുടെ പട്ടികയിൽ ജില്ലയിലെ കൽപാത്തി പുഴയെയും കോരയാർ പുഴയെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വീണ്ടും ഉൾപ്പെടുത്തി. വെള്ളത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ചു മലിനീകരണ തോത് കണക്കാക്കുന്ന ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്(ബിഒഡി) രണ്ടിടത്തും കൂടുതലാണ്. 2021 മുതൽ ഈ രണ്ടു പുഴകളും പട്ടികയിലുണ്ട്. മലിനീകരണത്തോത് അത്രയും ഗുരുതരമല്ലാത്ത പട്ടിക 5ൽ ആണ് ഉൾപ്പെടുത്തിയത്. ഭാരതപ്പുഴയും നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷം ഒഴിവാക്കി. ഒരു ലീറ്റർ വെള്ളത്തിൽ 3 മില്ലിഗ്രാം ബിഒഡി ആണ് അനുവദനീയ അളവ്. കോരയാർ പുഴയിൽ 6.5 ആണ്. കൽപാത്തി പുഴയിൽ 5.2.

കോരയാർ പുഴയിൽ ഓക്സിജന്റെ അളവിലും കുറവുണ്ട്. ലീറ്ററിൽ 5 മില്ലിഗ്രാം വേണ്ടിടത്തു പലയിടത്തും മൂന്നിൽ താഴെ. പടലിക്കാട് ഭാഗത്തു നിന്നു ശേഖരിച്ച വെള്ളത്തിന്റെ സാംപിളിൽ 0.96 മില്ലിഗ്രാം മാത്രം. ഇവിടെ മത്സ്യങ്ങൾക്കു ജീവിക്കാനാകില്ല. കഴിഞ്ഞ മാസം ഈ ഭാഗത്തു വ്യാപകമായി മത്സ്യങ്ങൾ ചത്തു പൊങ്ങിയിരുന്നു. മേനോൻപാറ മുതൽ കഞ്ചിക്കോട് വരെയുള്ള 13 കിലോമീറ്റർ ദൂരത്താണു കൂടുതൽ മലിനീകരണം. കൽപാത്തി പുഴയിൽ കൽപാത്തി മുതൽ ശംഖുവാരത്തോട് വരെയുള്ള 7 കിലോമീറ്റർ ദൂരത്തും. മലമ്പുഴ ഡാമിലെ ഓക്സിജന്റെ അളവിൽ കഴിഞ്ഞ വർഷം കുറവ് കണ്ടെത്തിയിരുന്നെങ്കിലും ഈ വർഷം കൂടി. 

ഫീക്കൽ കോളിഫോം ബാക്ടീരിയ അളവ് കൂടി
ജില്ലയിലെ ചിറ്റൂർ, കൽപാത്തി, കോരയാർ, തിരുനെല്ലായ് പുഴകളിൽ പലിയടത്തും വിസർജ്യത്തിന്റെ തോത് അനുസരിച്ചുള്ള ഫീക്കൽ കോളിഫോം കൗണ്ട് (എഫ്സി കൗണ്ട്) അളവ് കൂടിയതായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 700 വരെയുണ്ടായിരുന്നതു 1800 വരെയായി ഉയർന്നു. 2500 ആണ് അനുവദനീയ അളവ്. മനുഷ്യർ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ വിസർജ്യം കൂടുതലായി വെള്ളത്തിൽ കലരുന്നതിനിലാണു കോളിഫോം കൗണ്ട് കൂടുന്നത്. ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവയിൽ നിന്നുള്ള ശുചിമുറി മാലിന്യം ഉൾപ്പെടെ പുഴകളിലേക്കു തള്ളുന്നതായി ജില്ലയിൽ വ്യാപക പരാതിയുണ്ട്. ഇതിന്റെ പരിശോധന ശക്തമല്ലെന്നാണ് ആക്ഷേപം. പുഴയോരത്തും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും മലവിസർജനം ഒഴിവാക്കണമെന്ന നിർദേശവമുണ്ട്.  

മത്സ്യസമ്പത്ത് കുറഞ്ഞു
ജില്ലയിലെ പല പുഴകളിലും മാലിന്യം കൂടി ഓക്സിജൻ കുറഞ്ഞതോടെ മത്സ്യ സമ്പത്തിലും വൻ കുറവുണ്ടായതായി ഫിഷറീസ് വകുപ്പ്.  ഭവാനി ഒഴികെയുള്ള പുഴകളിൽ വേനൽ കാലത്ത് ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞാൽ ഓക്സിജന്റെ അളവിലും കുറവുണ്ടാകും. മാലിന്യം കുന്നുകൂടി ഒഴുക്ക് കുറഞ്ഞാലും പ്രശ്നമാണ്. ഈ സമയത്തു വിവിധ ഇനം പരലുകൾ, പള്ളത്തി, കൊത്ത, കൂരാൻ, കല്ലാൻ തുടങ്ങി പുഴ മത്സ്യങ്ങൾ വ്യാപകമായി നശിച്ചെന്നാണു കണ്ടെത്തിയത്. ഏറ്റവും അടിത്തട്ടിലുള്ള വരാൽ, വാള, ആരൽ തുടങ്ങി മത്സ്യങ്ങൾ മാത്രമാണ് അതിജീവിച്ചത്. ഓക്സിജൻ കുറഞ്ഞ ഭാഗത്തു നിന്നു കൂടിയ ഭാഗത്തേക്കു പോകാൻ ഇത്തരം മത്സ്യങ്ങൾക്കു കഴിവുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം ഉയർത്തുന്ന ബാക്ടീരിയകളും നശിച്ചു. 

ഒറ്റപ്പാലം കണ്ണിയംപുറം തോടിനു സമീപം പരന്നുകിടക്കുന്ന മാലിന്യങ്ങൾ.
ഒറ്റപ്പാലം കണ്ണിയംപുറം തോടിനു സമീപം പരന്നുകിടക്കുന്ന മാലിന്യങ്ങൾ.

കണ്ണിയംപുറം തോടിന്റെ കരയിൽ മാലിന്യം; മാലിന്യം കലർന്ന വെള്ളം ഭാരതപ്പുഴയിലേക്ക്
ഒറ്റപ്പാലം∙ ഭാരതപ്പുഴയുടെ കൈവഴിയായ കണ്ണിയംപുറം തോടിന്റെ കരയിൽ വ്യാപകമായി മാലിന്യം. ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സായ ഭാരതപ്പുഴയിൽ കണ്ണിയംപുറം തോട് സംഗമിക്കുന്ന പ്രദേശത്തു നിന്നു മീറ്ററുകൾ മാത്രം അകലെയാണു മാലിന്യം വെള്ളത്തിൽ കലരുന്ന സാഹചര്യം. മഴ പെയ്താൽ കരയിലെ മാലിന്യങ്ങളെല്ലാം തോട്ടിലെത്തുന്ന അവസ്ഥയാണ്. ആളൊഴിഞ്ഞ പ്രദേശത്താണു വൻതോതിൽ മാലിന്യങ്ങൾ പരന്നുകിടക്കുന്നത്. പഴകിയ പ്ലാസ്റ്റിക് ഉൽപന്നങ്ങളും അറവുമാലിന്യങ്ങളും ഭക്ഷ്യഅവശിഷ്ടങ്ങളുമെല്ലാം ഇവിടെയുണ്ട്. ഈ മാലിന്യങ്ങളെല്ലാം കലർന്ന വെള്ളമാണു വിളിപ്പാടകലെ ഭാരതപ്പുഴയിൽ ചേരുന്നത്. പകർച്ചവ്യാധികൾ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണു ശുദ്ധജല പദ്ധതികൾ ആശ്രയിക്കുന്ന പുഴ പോലും മലീമസമാകുന്ന സാഹചര്യം. നഗരത്തിലെ വിവേകാനന്ദ റോഡ് പോലുള്ള ജനവാസ മേഖലകളിലെ തരിശുകിടക്കുന്ന വയൽപ്രദേശങ്ങളിലും സമാനമായ രീതിയിൽ മാലിന്യ പ്രശ്നമുണ്ട്.

സംരക്ഷണ പദ്ധതികളിൽ മലമ്പുഴ ഇല്ല
ദേശീയ നദീസംരക്ഷണ പദ്ധതിയിൽ (എൻആർസിപി) ഉൾപ്പെടുത്തി ഭാരതപ്പുഴ ഉൾപ്പെടെ ജില്ലയിലെ പുഴകളെ സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. ഇന്ത്യയിലെ 33 നദികളാണു പദ്ധതിയിലുള്ളത്. ഇതിൽ കേരളത്തിൽ നിന്നു പമ്പയും പെരിയാറും മാത്രമാണുള്ളത്. ഭാരതപ്പുഴയെ ഉൾപ്പെടുത്തണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. സംസ്ഥാന സർക്കാരാണ് ഇതിന്റെ നടപടികൾ നടത്തേണ്ടത്.  

ഫണ്ടില്ല, പുഴ സംരക്ഷണം പാളുന്നു
പുഴകൾ സംരക്ഷിക്കാനുള്ള പദ്ധതികൾക്കു ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കാൻ മടിക്കുന്നതു പുഴകൾ നശിക്കാൻ കാരണമാകുന്നതായി പരിസ്ഥിതി പ്രവർത്തകർ. ജില്ലാ പ‍ഞ്ചായത്തിൽ നിന്നുള്ള ഫണ്ട് മുടങ്ങിയതോടെ ഭാരതപ്പുഴ സംരക്ഷണ പ്രവൃത്തികളും മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com