ADVERTISEMENT

കോയമ്പത്തൂർ∙ മേട്ടുപ്പാളയം-തൂത്തുക്കുടി എക്സ്പ്രസ് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം കേന്ദ്ര  സഹമന്ത്രി ഡോ. എൽ.മുരുകൻ നിർവഹിച്ചു. മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റെയിൽവേയുമായി ബന്ധപ്പെട്ട 5 ചടങ്ങുകളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.  മേട്ടുപ്പാളയം-കോയമ്പത്തൂർ മെമുവിന്റെ 3 സർവീസ്  പോത്തന്നൂർ വരെ നീട്ടിയതിന്റെയും മയിലാടുംതുറ - മൈസൂരു - മയിലാടുംതുറ എക്സ്പ്രസ് കടലൂർ പോർട്ട് ജംക്‌ഷൻ വരെ നീട്ടിയതിന്റെയും  മയിലാടുംതുറ-തിരുച്ചിറപ്പള്ളി എക്സ്പ്രസ് ആഴ്ചയിൽ 5 ദിവസം ആക്കിയതിന്റെയും കോയമ്പത്തൂർ തിരുപ്പതി എക്സ്പ്രസിന് ധർമപുരി ജില്ലയിലെ സാമൽപ്പട്ടിയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനമാണ് നിർവഹിച്ചത്.

അമൃത ഭാരത് പദ്ധതി പ്രകാരം തമിഴ്നാട്ടിൽ 8,000 കോടിയുടെ പദ്ധതിയാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതിൽ കോയമ്പത്തൂർ ജില്ലയിൽ മാത്രം പോത്തന്നൂർ, പൊള്ളാച്ചി, നോർത്ത് കോയമ്പത്തൂർ, കാരമട, മേട്ടുപ്പാളയം സ്റ്റേഷനുകൾ വികസിപ്പിക്കുന്നുണ്ട്. മേട്ടുപ്പാളയത്ത് മാത്രം ഇതുവരെ 40 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ വികസനം നടപ്പാക്കുന്നത്. 

ട്രെയിനുകളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ കോയമ്പത്തൂർ മേട്ടുപ്പാളയം ഒറ്റവരിപ്പാത ഇരട്ടപ്പാത ആക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ മന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അറിഞ്ഞു നൽകുന്ന റെയിൽവേ മന്ത്രാലയം ഉടൻതന്നെ  കോയമ്പത്തൂർ മേട്ടുപ്പാളയം പാത ഇരട്ടിപ്പിക്കാൻ ഉത്തരവ് നൽകുമെന്നു മന്ത്രി മുരുകൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

തൂത്തുക്കുടി ട്രെയിൻ തിരക്കനുസരിച്ച് ഭാവിയിൽ പ്രതിദിന സർവീസ് ആക്കി മാറ്റാനും പദ്ധതിയുണ്ട്. നിലവിൽ തമിഴ്നാട്ടിൽ 4,200 കോടി രൂപയുടെ പദ്ധതി റെയിൽവേ നടപ്പാക്കുന്നുണ്ട്. വിനോദ സഞ്ചാരത്തിന് മുൻഗണന നൽകി സ്റ്റേഷനുകൾ വികസിപ്പിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തോടൊപ്പം സേലം ഡിവിഷനൽ മാനേജർ പങ്കജ് കുമാർ സിൻഹ, എഡിആർഎം പി.ശിവലിംഗം എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങ് നടക്കുന്ന മറ്റു ഡിവിഷനുകളിലെ ഉദ്യോഗസ്ഥർ വിഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു.

ഡിഎംകെയിൽ നിന്നു ജയിച്ച നീലഗിരി എംപി എ.രാജാ, അണ്ണാ ഡിഎംകെയിൽ നിന്നു ജയിച്ച മേട്ടുപ്പാളയം എംഎൽഎ എ.കെ.സെൽവരാജ് ഉൾപ്പെടെ മറ്റു പാർട്ടികളിലെ ജനപ്രതിനിധികൾ ചടങ്ങു ബഹിഷ്കരിച്ചു.  ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ വേദി പങ്കിട്ടിരുന്നു.

English Summary:

Union Minister L. Murugan Launches Mettupalayam-Thoothukudi Express Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com