ADVERTISEMENT

കോഴിക്കോട് ∙ അനിശ്ചിതത്വത്തിലും തീരാസങ്കടത്തിലും അർജുന്റെ കുടുംബം. അർജുൻ ഓടിച്ച KA 15A 7427 എന്ന ഭാരത് ബെൻസ് ലോറി മണ്ണിനടിയിലായിട്ടു 4 ദിവസമായി. തടി കയറ്റിയ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ട്. അതിൽ ജീവന്റെ മിടിപ്പുമായി അർജുനുണ്ടെന്ന വേദനയിലാണ് കുടുംബം. കർണാടകയിലെ ബെളഗാവിയിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് തടി കയറ്റി വരികയായിരുന്നു അർജുൻ. 

കഴിഞ്ഞ 8ന് ആണ് കർണാടകയിൽ പോയത്. 17നു തിരിച്ചെത്തേണ്ടതായിരുന്നു. മണ്ണിടിച്ചിലിൽ കുടുങ്ങിയെന്ന വാർത്തയിൽ നടുങ്ങി കഴിയുകയാണു കുടുംബം. വണ്ടിയുടെ എൻജിൻ കഴിഞ്ഞ ദിവസം വരെ ഓണായിരുന്നു എന്ന് ഭാരത് ബെൻസ് ഉടമയെ അറിയിച്ചിരുന്നു. കനത്ത മണ്ണിടിച്ചിലിൽ മൊബൈൽ ടവറുകൾ അടക്കം തകർന്നിട്ടുണ്ട്. ഇതോടെ 2 ദിവസമായി അർജുന്റെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചു.

ഇന്നലെ ബന്ധു വിളിച്ചപ്പോഴും ബെല്ലടിച്ചു. 2 തവണയും ബെല്ലടിച്ച് അവസാനിച്ചു. പിന്നീട് കിട്ടാതായി. ഇതോടെയാണു പ്രതീക്ഷ സങ്കടത്തിലേക്ക് വഴിമാറിയത്. എന്നാൽ പിന്തുണയുമായി വിവിധ മേഖലയിൽ നിന്നു വിളികൾ എത്തിയതോടെ ധൈര്യം സംഭരിച്ചിക്കുകയാണ് ഇവർ. 

തലേന്നു രാത്രി വരെ സംസാരിച്ചെന്ന് അമ്മ
തലേന്നു രാത്രി വരെ എന്നോടു സംസാരിച്ചിരുന്നു. നല്ല ശക്തമായ മഴയാണ് എന്നു പറഞ്ഞിരുന്നു. മണ്ണിടിച്ചിലിനെപ്പറ്റി പറഞ്ഞിരുന്നില്ല. രാത്രി വണ്ടിയോടിച്ച് രാവിലെ അവൻ ഉറങ്ങുന്ന സമയമാണെന്ന് ഞങ്ങൾക്ക് അറിയാം. പിന്നെ രാവിലെ 10ന് അങ്ങോട്ടു വിളിച്ചു കിട്ടിയില്ല. 

അർജുന്റെ മുതലാളിയുടെ മറ്റൊരു വണ്ടിയോടിക്കുന്ന ഡ്രൈവറാണ് സമീർ. വണ്ടിയോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഇവർ പരസ്പരം പുലർച്ചെ വരെ സംസാരിക്കാറുണ്ട്. രാവിലെ 11 ആയപ്പോൾ സമീർ വിളിച്ചിട്ടു പറഞ്ഞു അവൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല, നിങ്ങളെ വിളിച്ചിരുന്നോ അമ്മേ എന്നു ചോദിച്ചു. 

arjun-ankola-accident-ls

എന്താ കാര്യം എന്നു ചോദിച്ചപ്പോൾ അവനാണു മണ്ണിടിഞ്ഞ കാര്യം പറഞ്ഞത്. 10 മീറ്റർ വരെ മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണിടിയുന്നതിനു മുൻപ് ആ പ്രദേശം കടന്നിട്ടുണ്ടെങ്കിൽ പ്രശ്നമില്ല, അല്ലെങ്കിൽ വളഞ്ഞു ചുറ്റി 2 ദിവസം യാത്ര ചെയ്തേ വരാൻ പറ്റൂ എന്നാണു പറഞ്ഞത്. പിന്നീടാണു ജിപിഎസ് ലൊക്കേഷൻ ഇവർ സ്ഥിരമായി വിശ്രമിക്കുന്ന സ്ഥലത്തു തന്നെയാണെന്നു കാണിക്കുന്നത്. ആദ്യ ദിവസങ്ങളിലൊന്നും തിരച്ചിലുണ്ടായില്ല. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിച്ചിരുന്നു. എല്ലാ സഹായവും ഉണ്ടാകുമെന്ന് ഉറപ്പു നൽകി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. 

shirur-landslide-arjun-infographics
Illustration: Jain David

ആ മണ്ണിനിടയിൽ എവിടെയോ അർജുനുണ്ടെന്ന് ഭാര്യ
അപകടം ഉണ്ടായ വിവരം അറിഞ്ഞു ഞാൻ തുടർച്ചയായി ഫോൺ വിളിച്ചു. ഇടയ്ക്ക് ഒരു വട്ടം ഫോൺ ഫുൾ റിങ് അടിച്ചു. പിന്ന നിലച്ചു. ആ മണ്ണിനിടയിൽ എവിടെയോ ആൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പെട്ടെന്നു മണ്ണു മാറ്റി രക്ഷപ്പെടുത്തണം. അതിനുള്ളിലുണ്ടെന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബന്ധുക്കൾ ഒക്കെ അവിടെയുണ്ട്. കർണാടക പൊലീസിന് ആദ്യം ഗതാഗതം പുനരാരംഭിക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വശങ്ങളിലെ മണ്ണു നീക്കാനൊന്നും അവർക്കു താൽപര്യമില്ലായിരുന്നു.  വണ്ടിയുടെ മുതലാളി പറഞ്ഞത് നല്ല സുരക്ഷയുള്ള വണ്ടിയാണെന്നാണ്. അതിനുള്ളിലേക്ക് മണ്ണൊന്നും വീഴില്ല, പുതിയ വണ്ടിയാണ്. പെട്ടെന്നു തകരില്ല. എസി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ജീവനോടെ ഉണ്ടാകുമെന്നാണു പറയുന്നത്. 

മകനെ വേഗം തിരിച്ചെത്തിക്കണം; അച്ഛൻ 
4 ദിവസമായി മോനെ കാണാതായിട്ട്. എന്റെ മോനെ ഇവിടെ എത്തിച്ചു തന്നാൽ മതി. ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നാലു ദിവസമായി മരുമകൻ അടക്കമുള്ളവർ അവിടെ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ തിരച്ചിൽ വേഗം പൂർത്തിയാക്കി മോനെ ഇങ്ങോട്ടു തിരിച്ചു കൊണ്ടു വരൂ. 

English Summary:

Family Distressed as Kozhikode Driver Arjun Goes Missing After Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com