മറഞ്ഞുപോയ അച്ഛന്റെ മോഹം സഫലമാകും; ആനന്ദ്‌രാജ് ഡോക്ടറാകും
Mail This Article
പെരിന്തൽമണ്ണ∙ മകൻ ഡോക്‌ടറാകണമെന്ന അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കാനുള്ള ഓട്ടത്തിലാണ് തച്ചിങ്ങനാടം മാഞ്ചേരിത്തൊടി ആനന്ദ്‌രാജ് (20). കഴിഞ്ഞ വർഷമാണ് ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ അയ്യപ്പൻ (52) മരിച്ചത്. കൂലിവേലക്കാരനായ അച്ഛന്റെ ജീവിതാഭിലാഷമായിരുന്നു മകനെ ഡോക്‌ടറാക്കണമെന്നത്. പ്രതിസന്ധികളേറെ തടസ്സമായെത്തിയെങ്കിലും മഞ്ചേരി എച്ച്എംവൈഎച്ച്‌എസ്എസിൽനിന്ന് പ്ലസ്‌ടു സയൻസിന് 91 ശതമാനം മാർക്ക് നേടിയ ആനന്ദ്‌രാജ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്കോടെ ഇടം നേടിയിട്ടുണ്ട്. ഇത്തവണ എംബിബിഎസ് കോഴ്സിന് ചേരാനുള്ള ഒരുക്കത്തിലാണ് ആനന്ദ്‌രാജ്.
തൊഴിലുറപ്പ് തൊഴിലാളിയായ രജനിയും മകനെ ഡോക്‌ടറാക്കണമെന്ന ആഗ്രഹത്തിനൊപ്പം നെട്ടോട്ടത്തിലാണ്. പള്ളിക്കുത്ത് ചേർത്തൊടി സദ്‌ഗ്രാമത്തിലെ 3 സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഇവർക്ക് വീടിന് അനുമതിയായിട്ടുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്കിന്റെ കീഴാറ്റൂർ നെന്മിനിയിലെ പ്രീമെട്രിക് ഹോസ്‌റ്റലിലായിരുന്നു പത്താം ക്ലാസ് വരെ ആനന്ദ്‌രാജിന്റെ പഠനം. തുടർപഠനത്തിനും ബ്ലോക്ക് പഞ്ചായത്തും പ്രീമെട്രിക് ഹോസ്‌റ്റലിലെ അധ്യാപകരും ഉൾപ്പെടെ സഹായവും പിന്തുണയും നൽകുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിന്ന ആനന്ദ്‌രാജിന് 2 സഹോദരന്മാരുണ്ട്.
ആനന്ദ്‌രാജിനെ അനുമോദിക്കാൻ പ്രീമെട്രിക് ഹോസ്‌റ്റലിൽ പ്രത്യേക ചടങ്ങൊരുക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ ഉപഹാരം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷ നജ്‌മ തബ്‌ഷീറ, കീഴാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്, പട്ടികജാതി വികസന ഓഫിസർ ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു. പ്രീമെട്രിക് ഹോസ്‌റ്റൽ വാർഡൻ, എസ്‌സി പ്രമോട്ടർ, ഹോസ്‌റ്റൽ അന്തേവാസികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ആനന്ദ്‌രാജിനെ അനുമോദിക്കാനെത്തി.