ADVERTISEMENT

വാൽപാറ ∙ മാനാമ്പള്ളിയിലെ മന്ത്രി മട്ടത്തിൽ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ പരിപാലിച്ചിരുന്ന കടുവ വണ്ടലൂർ മൃഗശാലയിലേക്ക്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണു കടുവയെ ചെന്നൈ വണ്ടലൂർ മൃഗശാലയിലേക്കു മാറ്റാൻ വനം വകുപ്പ് ഒരുങ്ങുന്നത്. 2021 സെപ്റ്റംബർ 21നാണ് 9 മാസം പ്രായമുള്ള കടുവക്കുട്ടിയെ ദേഹമാസകലം പരുക്കുകളോടെ അവശനായി വാൽപാറയ്ക്കു സമീപം മൂഡീസ് നഗരത്തിലൂടെ നടന്നു പോകുന്നതു കണ്ടത്.

നാട്ടുകാർ  വനം വകുപ്പിനെ വിവരമറിയിച്ചപ്പോൾ റേഞ്ച് ഓഫിസർ മണികണ്ഠന്റെ നേതൃത്വത്തിൽ വനപാലകർ കടുവയെ പിൻതുടർന്നെങ്കിലും ശക്തമായ മഴ കാരണം പിടികൂടാനായില്ല. കടുവ തേയിലത്തോട്ടത്തിൽ പതുങ്ങി. ഒടുവിൽ വനപാലകർ വലവിരിച്ചു കടുവയെ പിടികൂടി അയ്യർപാടിയിലെ റെസ്ക്യൂ സെന്ററിലേക്കു കൊണ്ടുപോയി വിദഗ്ധ ചികിത്സ നൽകി. പിന്നീടാണ് മാനാമ്പള്ളിയിലെ മന്ത്രി മട്ടത്തിൽ രാക്ഷസക്കൂട് നിർമിച്ചു ഭക്ഷണം നൽകി പരിപാലിച്ചത്. വേട്ടയാടാനുള്ള പരിശീലനവും നൽകി. ഇപ്പോൾ കടുവ മിടുമിടുക്കനായി.

എന്നാൽ, മുതിർന്ന കടുവയെ ഈ നിലയിൽ കൂട്ടിലിട്ടു വളർത്തുന്നതു ശരിയല്ലെന്നു ഒരു പരിസ്ഥിതി പ്രവർത്തകൻ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.  കടുവയെ കൂട്ടിലിട്ടു വളർത്തുന്നതു ശരിയല്ലെന്നും എത്രയും വേഗം തുറന്നു വിടാൻ നടപടി വേണമെന്നും കോടതി          നിർദേശിച്ചു.ശക്തമായ മഴ കാരണം കടുവയുടെ യാത്ര വൈകുന്നതായി വനം വകുപ്പ് അറിയിച്ചു. എത്രയും വേഗം കടുവയെ വണ്ടലൂർ മൃഗശാലയിലെത്തിക്കാനുള്ള തയാറെടുപ്പിലാണു വനം വകുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com