ഊട്ടിയിൽ ശക്തമായ കാറ്റ്: നൂറു കണക്കിനു മരങ്ങൾ കടപുഴകി
Mail This Article
ഊട്ടി ∙ ഊട്ടിയിൽ ഞായറാഴ്ച രാത്രിയിൽ വീശീയ ശക്തമായ കാറ്റിൽ നൂറ് കണക്കിന് മരങ്ങൾ കടപുഴകി. ഊട്ടി എടിസി റോഡിൽ വീണ മരം മുറിച്ച് മാറ്റുന്നത് വരെ വാഹനങ്ങൾ കലക്ടറേറ്റ് ഓഫിസ് വഴി തിരിച്ചു വിട്ടു. ഊട്ടിയിലെ തമിഴകം റോഡിൽ വലിയ മരം വീണത് അഗ്നിരക്ഷാസേനാംഗങ്ങൾ നീണ്ട നേരം എടുത്താണ് മുറിച്ചു മാറ്റിയത്. നുന്തളമട്ടത്തിൽ മരം വീണ് കാറ് പൂർണമായും വീട് ഭാഗികമായും തകർന്നു. വൈദ്യുതി പോസ്റ്റുകളിൽ മരം വീണത് കാരണം ഊട്ടി മുഴുവനായും ഇരുളിൽ മുങ്ങി.
ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചത്. കൂനൂരിന് സമീപമുള്ള കാമരാജ്പുപുരം ഗ്രാമത്തിലെ 10 വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. പേരട്ടി പഞ്ചായത്ത് അടുത്തിടെ വീടൊന്നിന് 50,000 രൂപ ചെലവിൽ നിർമിച്ചു കൊടുത്ത മേൽക്കൂരകളാണിത്. 30 മരങ്ങളാണ് കൂനൂരിൽ മാത്രം വീണത്. വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫേഫോർമറുകളക്കം വീണ പോസ്റ്റുകളും ഏറെയാണ്.
അഗ്നിരക്ഷാസേനയും ഹൈവേ ജീവനക്കാരും ഏറെ പ്രയത്നിച്ചാണ് മരങ്ങൾ നീക്കിയത്. നീലഗിരിയിൽ തേയിലയ്ക്കു ബദലായി കൃഷി ചെയ്തു വരുന്ന പൂക്കൃഷിയുടെ ഷെഡ്ഡുകൾ കനത്ത കാറ്റിൽ നശിച്ചത് കർഷകരെ ഏറെ വേദനയിലാക്കി. ലില്ലി, ജെർബറ, അന്തൂറിയം തുടങ്ങിയ ചെടികളുടെ കൃഷിയാണ് കാറ്റിൽ നശിച്ചത്. മസക്കൽ, ഈലാട, കേർക്കമ്പ, കൈക്കാട്ടി, ദുമ്മനട്ടി, കപ്പച്ചി, തൂണേരി, കാനാക്കമ്പ തുടങ്ങിയ സ്ഥലങ്ങളിലടക്കമുള്ള ഏക്കർ കണക്കിന് ഷെഡ്ഡുകളാണ് കനത്ത കാറ്റിൽ നശിച്ചത്.