ADVERTISEMENT

പാലക്കാട് ∙ കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ നിന്നുള്ള ഓയിൽ മാലിന്യം നഗരത്തിൽ കൽവാക്കുളം കനാലിൽ തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം കൽപാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ കലർന്നതായും സംശയമുണ്ട്. കനാലിൽ നിന്നു രൂക്ഷഗന്ധം ഉയർന്നതോടെ പരിസരത്തുള്ളവർ ഭീതിയിലായി. പലരും വീടുകളിൽ നിന്നു വിട്ടു നിന്നു. ചിലർ പാചകവാതകച്ചോർച്ച സംശയിച്ചു സിലിണ്ടർ വീടിനു പുറത്തേക്ക് കൊണ്ടുവന്നു വച്ചു. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു നഗരത്തെയാകെ ആശങ്കയിലാക്കിയ സംഭവം. 

ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് പുതുപ്പട്ടണം സ്വദേശി ശങ്കർ രത്തനം (37) ആണ് അറസ്റ്റിലായത്. മാലിന്യം തള്ളിയതിനാണ് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്.  ഓയിൽ നൽകിയ കഞ്ചിക്കോട്ടെ സ്ഥാപനത്തിന് എതിരെയും അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് നിഡ, സ്വരാജ് ബയോഫ്യുവൽ എനർജി സ്ഥാപനത്തിൽ തദ്ദേശസ്ഥാപന ജോയിന്റ് ഡയറക്ടർ മുഖേന ഇന്റേണൽ വിജിലൻസ് ഓഫിസറും പാലക്കാട് നഗരസഭ ഹെൽത്ത് സ്ക്വാഡും പരിശോധന നടത്തി. 

കരി ഓയിലിൽ നിന്ന് ഓയിൽ വേർതിരിച്ചെടുക്കുന്ന സ്ഥാപനമാണിതെന്നു പൊലീസ് പറഞ്ഞു. തോട്ടിൽ മാലിന്യം കലർത്തിയതോടെ കൽവാക്കുളം, കൊപ്പം, ശേഖരീപുരം, ശംഖുവാരമേട് പ്രദേശങ്ങളിലാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. ഇതേത്തുടർന്നു നഗരസഭാംഗം കെ.ശരവണന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ തിരിച്ചിലിലാണ് ഡ്രൈവറെ കണ്ടെത്തി തട​ഞ്ഞുവച്ചത്. ഇതേ സമയം പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തി‍ൽ ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയും ഇടപെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിനെയും നഗരസഭ വിവരം അറിയിച്ചിട്ടുണ്ട്. 

ആരോഗ്യവകുപ്പ് പരിശോധന നടത്തി
ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശ പ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാരും മാലിന്യം കലർന്ന മേഖലകളിൽ എത്തി വീട്ടുകാരിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശുദ്ധജലത്തിൽ മാലിന്യം കലർന്നിട്ടുണ്ടോ എന്ന് ജല അതോറിറ്റിയും പരിശോധിക്കുന്നുണ്ട്. 

ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കണം
പൊതുസ്ഥലത്തു മാലിന്യം തള്ളിയതും അത് ശുദ്ധജല സ്രോതസ്സുകളിലേക്കു കലരാൻ ഇടയായതും പൊലീസ് ഗൗരവത്തിലെടുക്കണമെന്ന് പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് ആവശ്യപ്പെട്ടു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കണം. നഗരത്തിൽ നിന്നു ശുചിമുറി മാലിന്യം ശേഖരിച്ചു നിർമാർജനം ചെയ്യുന്ന ടാങ്കർ ലോറികളുടെ വിശദാംശങ്ങൾ നഗരസഭയിലുണ്ട്. ഇത്തരം വാഹനങ്ങളുടെ റൂട്ട് വിവരം 10 ദിവസം കൂടുമ്പോൾ നഗരസഭ പരിശോധിക്കാറുണ്ട്. ഇപ്പോൾ പിടിയിലായ ഡ്രൈവർ ഇക്കഴിഞ്ഞ 20നു നഗരസഭയിലെത്തി ഒപ്പുവച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ കർശന നടപടി സ്വീകരിക്കുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com