ADVERTISEMENT

മണ്ണാർക്കാട്∙ പ്ലാന്റേഷൻ കോർപറേഷന്റെ മണ്ണാർക്കാട് എസ്റ്റേറ്റിലെ മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ച് താൽക്കാലിക തൊഴിലാളികളുടെ സമരം. ഇന്നലെ 62 പേരാണു ജോലിക്കു കയറാതെ സമരം ചെയ്തത്. 4 വർഷമായി ജോലി ചെയ്യുന്നവരോടു ‘പറ്റില്ലെങ്കിൽ നിർത്തിപ്പോകാൻ’ മാനേജർ‍ പറഞ്ഞെന്നു തൊഴിലാളികൾ ആരോപിച്ചു. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നു മാനേജർ പറഞ്ഞു. മണ്ണാർക്കാട് എസ്റ്റേറ്റിലെ മൂന്നു ബ്ലോക്കുകളിലായി 64 തൊഴിലാളികളാണു താൽക്കാലിക ജോലി ചെയ്യുന്നത്.

പ്ലാന്റേഷന്റെ അതിർത്തിയിലെ വൈദ്യുതി വേലി സംരക്ഷണം, കാട് വെട്ട്, തൈ നടീൽ, മറിഞ്ഞു വീഴുന്ന മരങ്ങൾ മുറിച്ചു നീക്കൽ, തീപിടിത്തം ഉണ്ടായാൽ കെടുത്തൽ, വളമിടൽ, രാത്രി കാവൽ തുടങ്ങി വിവിധ ജോലികളാണ് ഇവർ ചെയ്യുന്നത്. ദിവസം 567 രൂപയാണു കൂലി. വൈദ്യുതി വേലിയുടെ തകരാർ പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതും താൽക്കാലിക തൊഴിലാളികളുടെ ഉത്തരവാദിത്തമാണ്. വേലിയുടെ നിശ്ചിത ഭാഗം ഓരോരുത്തരും പരിശോധിച്ചു തകരാറുണ്ടെങ്കിൽ നന്നാക്കണം. ഈ ജോലിക്കു പുറമേ മറ്റ് ജോലികൾ കൂടി ഏൽപിക്കുന്നതു സംബന്ധിച്ചാണു തർക്കം തുടങ്ങിയതെന്നു ജോലിക്കാർ പറഞ്ഞു.

വൈദ്യുതി വേലി പരിശോധിക്കാൻ ആറു കിലോമീറ്റർ വരെ വനത്തിലൂടെ നടക്കണം. വേലി നന്നാക്കാനുള്ള സാധനങ്ങൾ, ഭക്ഷണം, വെള്ളം തുടങ്ങിയവ ചുമന്നു വേണം കാട്ടിലൂടെ നടക്കാൻ. വേലി സംരക്ഷണ ജോലി ചെയ്യുന്നവരെ അതു മാത്രം ഏൽപിക്കണമെന്നും അതിനൊപ്പം മറ്റു ജോലികൾ കൂടി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണു ജീവനക്കാരുടെ നിലപാട്. നാലു വർഷമായി ചെറിയ കൂലിക്കു ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു. സ്ഥിരമായി ജോലി നൽകണം. രാത്രി കാവൽ നിൽക്കുന്ന ജീവനക്കാർക്കു സുരക്ഷ ഉറപ്പാക്കണം, സ്ത്രീ തൊഴിലാളികൾക്ക് സൗകര്യം ഏർപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണു തൊഴിലാളികൾ ഉന്നയിക്കുന്നത്.

അതേസമയം തൊഴിലാളികളോടു മോശമായി പെരുമാറിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു മാനേജർ ഫാത്തിമ ഷിംജ മുഹമ്മദാലി പറഞ്ഞു. തൊഴിലാളികൾക്ക് ഒരു ഘട്ടത്തിലും ജോലി നിഷേധിച്ചിട്ടില്ല. മാനേജ്മെന്റോ സൂപ്പർവൈസറോ നിർദേശിക്കുന്ന ജോലി ചെയ്യാൻ സന്നദ്ധരല്ലാത്തവരോട് പറ്റില്ലെങ്കിൽ എഴുതിത്തരണമെന്നാണു പറഞ്ഞത്. രാത്രി കാവലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിനാണെന്ന് അറിയുന്നില്ല. നിലവിൽ രാത്രി കാവൽ ഇല്ല. വൈദ്യുതി വേലിയുടെ ഉത്തരവാദിത്തം തനിക്കാണെന്നും മാനേജർ പറഞ്ഞു. തൊഴിലാളികളുടെ പ്രതിനിധികളായ കെ.സി.സുമേഷ്, പി.ശ്രീജിത്ത്, പി.കെ.രേശ്മ, ജോമി തുടങ്ങിയവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com