ADVERTISEMENT

മണ്ണാർക്കാട്∙ സ്കൂൾ ബസ് കയറി മരിച്ച ആറു വയസ്സുകാരി അയിഷ ഹിബയ്ക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹപാഠികളുമുൾപ്പെടെ ആയിരത്തിലേറെ പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സ്കൂൾ ബാഗും യൂണിഫോമും ധരിച്ച് വ്യാഴാഴ്ച വീട്ടിൽ നിന്നിറങ്ങിയ കുഞ്ഞുഹിബയുടെ ചേതനയറ്റ ശരീരം ഇന്നലെ മണ്ണാർക്കാട് നാരങ്ങപ്പറ്റയിലെ വീട്ടിലെത്തിയതോടെ അതുവരെ അടക്കിപ്പിടിച്ച സങ്കടം തേങ്ങലായി ഉയർന്നു.

 പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ പത്തു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അപ്പോഴേക്കു വീടും പരിസരവും ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. ചേതനയറ്റ കുഞ്ഞു ഹിബയുടെ മൃതദേഹം കണ്ടവരെല്ലാം വിങ്ങിപ്പൊട്ടി. മാതാപിതാക്കളെയും ഉറ്റബന്ധുക്കളെയും ആശ്വസിപ്പിക്കാൻ കൂടിനിന്നവർ പ്രയാസപ്പെട്ടു.ആയിഷ ഹിബ പഠിക്കുന്ന ദാറുന്നജാത്ത് സ്കൂളിലെയും എൽകെജിയിൽ പഠിച്ചിരുന്ന മണ്ണാർക്കാട് ജിഎംയുപി സ്കൂളിലെയും അധ്യാപകരും സഹപാഠികളും ഉൾപ്പെടെയുള്ളവർ എത്തി. 

 പതിനൊന്നരയോടെ മൃതദേഹം മണ്ണാർക്കാട് വലിയ ജുമാ മസ്ജിദിൽ കബറടക്കി. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ നൗഷാദിന്റെയും ഹബീബയുടെയും മകൾ ആയിഷ ഹിബ വ്യാഴാഴ്ച മൂന്നരയോടെയാണു സ്കൂൾ ബസ് കയറി മരിച്ചത്. മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഇംഗ്ലിഷ് മീഡിയം സ്കൂൾ യുകെജി വിദ്യാർഥിനിയാണ്.  സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ അതേ ബസ് തന്നെ കയറിയായിരുന്നു അപകടം.

അശ്രദ്ധയിൽ പൊലിഞ്ഞത് ആറു വയസ്സുകാരിയുടെ ജീവൻ
∙ ആറുവയസ്സുകാരി അയിഷ ഹിബയുടെ ജീവനെടുത്തതു ബസ് ജീവനക്കാരുടെ അശ്രദ്ധ. ഡ്രൈവർ പൊതിയിൽ അലി അക്ബറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തു. ബസിൽ ആയ ഉണ്ടായിരുന്നെങ്കിലും ഇവർ ബസിൽ നിന്ന് ഇറങ്ങിയിരുന്നില്ലെന്നു നാട്ടുകാരും ബസിലുണ്ടായിരുന്ന വിദ്യാർഥിയും പറഞ്ഞു.

കുട്ടികൾ ഇറങ്ങിയ ഉടനെ ബസിന്റെ വാതിൽ അടയ്ക്കുകയും ബസ് പുറപ്പെടുകയുമായിരുന്നു. ബസിലെ ആയമാർ കുട്ടികളെ ബസിൽ നിന്ന് ഇറക്കി സുരക്ഷിതമാക്കി നിർത്തിയ ശേഷമേ പോകാവൂ എന്നാണു നിർദേശം. എന്നാൽ ഇവിടെ അതുണ്ടായില്ല.ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കരുതെന്നു നാട്ടുകാർ പറഞ്ഞു.

പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നു മണ്ണാർക്കാട് ജോയിന്റ് ആർടിഒ അറിയിച്ചു. അപകടത്തെക്കുറിച്ചു സർക്കാരിനു റിപ്പോർട്ട് നൽകിയതായി മണ്ണാർക്കാട് വില്ലേജ് ഓഫിസർ പറഞ്ഞു.അതേസമയം കുട്ടികളെ സുരക്ഷിതമായി ഇറക്കണമെന്നു ബസ് ജീവനക്കാർക്കു നേരത്തേതന്നെ നിർദേശം നൽകിയിരുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com