മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ പൂർണമായി തകർന്ന് ആലമ്പള്ളം ചപ്പാത്ത്
Mail This Article
കൊല്ലങ്കോട് ∙ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ വെള്ളത്തിൽ മുങ്ങിയ ആലമ്പള്ളം ചപ്പാത്ത് പൂർണമായും തകർന്നു. 2018ലെ പ്രളയത്തിൽ തകർന്ന ചപ്പാത്ത് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയതായിരുന്നു. എന്നാൽ വീണ്ടും വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നു പോകാൻ കഴിയാത്ത വിധം പാലം തകരുകയായിരുന്നു.ഊട്ടറപ്പുഴപ്പാലത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പകരം ഉപയോഗിക്കാവുന്നതാണു വടവന്നൂർ–കൊല്ലങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലമ്പള്ളം ചപ്പാത്ത്.
1956-ൽ 49,000 രൂപ ചെലവിൽ കൊല്ലങ്കോട് പഞ്ചായത്ത് ബോർഡ് നിർമിച്ചതാണ് ഈ ചപ്പാത്ത്.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആലമ്പള്ളത്തു പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ തുടർ നടപടികൾ ഇഴയുകയാണ്. മുൻപു കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയിരുന്നെങ്കിലും 2018ലെ പ്രളയാനന്തര പുനർ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.