അധികൃതരുടെ നിസ്സംഗത; സപ്ലൈകോ ഗോഡൗണിൽ 40 ലോഡ് അരി കെട്ടിക്കിടക്കുന്നു
Mail This Article
മണ്ണാർക്കാട്∙ സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിനു മുൻപു നൽകാറുള്ള നോൺ ഫീഡിങ് അരി സപ്ലൈകോ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. സിവിൽ സപ്ലൈസ് അനുമതി നൽകാത്തതാണു കാരണം. മണ്ണാർക്കാട് താലൂക്ക് സപ്ലൈകോ ഗോഡൗണിൽ 40 ലോഡ് അരിയാണു വിതരണം ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നത്. മണ്ണാർക്കാട് ഉപജില്ലയിൽ 119 സ്കൂളുകളിലായി നാൽപതിനായിരത്തോളം കുട്ടികൾക്കുള്ള അരിയാണിത്. അട്ടപ്പാടി ഉൾപ്പെടെയുള്ള സ്കൂളുകളിലേക്കുള്ള അരിയും ഇവിടെ നിന്നാണു നൽകുന്നത്. സാധാരണ ഓണത്തിനു മുൻപു തന്നെ അരി വിതരണം പൂർത്തിയാക്കാറുണ്ട്. ഓണത്തിനു രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ അരി വിതരണത്തിനുള്ള നടപടികൾ ഒന്നും തന്നെ പൂർത്തിയായിട്ടില്ല.
അരി വിതരണം ചെയ്യാൻ നിർദേശിച്ചുള്ള സർക്കുലർ ഗോഡൗണുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നു ഗോഡൗൺ അധികൃതർ അറിയിച്ചു. എഇഒ ഓഫിസിൽ നിന്നുള്ള ഇൻഡൻഡും ലഭിച്ചിട്ടില്ല. ഗോഡൗണുകളിൽ അരി എത്തിയതായുള്ള വിവരം അറിയിച്ചുള്ള സർക്കുലർ എഇഒ ഓഫിസുകളിലേക്കു ലഭിക്കാറുണ്ടെന്നും അതിനു ശേഷമാണ് ഇൻഡൻഡ് നൽകാറുള്ളതെന്നും എഇഒ ഓഫിസ് അധികൃതർ അറിയിച്ചു. അരി എത്തിയിട്ടും വിതരണം ചെയ്യാൻ വൈകുന്നത് അധികൃതരുടെ നിസ്സംഗത മൂലമാണെന്ന പരാതിയാണ് ഉയരുന്നത്. അരി വിതരണത്തിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് സ്കൂൾ അധികൃതർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.