ആദിവാസി ഭൂമി കയ്യേറ്റം കണ്ടെത്താൻ പരിശോധന നടത്തുമെന്നു മന്ത്രി
Mail This Article
മണ്ണാർക്കാട്∙ ആദിവാസികളുടെ ഭൂമി തട്ടിയെടുത്താൽ ചോദിക്കാൻ ആരുമുണ്ടാകില്ലെന്ന് വിചാരം ഉണ്ടാകരുതെന്ന് മന്ത്രി കെ.രാജൻ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം കണ്ടെത്താൻ കൃത്യമായ പരിശോധന നടത്തുമെന്നും മന്ത്രി മണ്ണാർക്കാട്ട് പറഞ്ഞു. മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദിവാസി ഭൂമിയിലെ കയ്യേറ്റം കണ്ടെത്തിയാൽ തിരിച്ചു പിടിച്ച് യഥാർഥ ഉടമയ്ക്കു നൽകും. ഭൂമിയുടെ അളവിനു കൃത്യത വേണം. ഇതിന്റെ ഭാഗമായി താൽക്കാലിക തണ്ടപ്പേർ നൽകേണ്ടതില്ലെന്നു റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. താൽക്കാലിക തണ്ടപ്പേര് സ്ഥിരം തണ്ടപ്പേരാക്കുമ്പോൾ അട്ടപ്പാടിയിലെ ആറ് വില്ലേജുകളിലുള്ളർക്ക് കുറച്ചു കാലത്തേക്ക് ചെറിയ പ്രയാസങ്ങളുണ്ടാകും.
കാലങ്ങളായുള്ള തട്ടിപ്പ് എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി കണ്ട് സഹകരിക്കണം. ആദിവാസികളാണ് ഭൂമിയുടെ അവകാശികൾ. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ കേരളത്തിലെ മുഴുവൻ സ്ഥലത്തിനും ഡിജിറ്റൽ േവലി സ്ഥാപിക്കാനാകും. കയ്യൂക്ക് കൊണ്ടും പണത്തിന്റെ സ്വാധീനം കൊണ്ടും അതിർത്തിക്കല്ല് തൂക്കിയെറിഞ്ഞാൽ രേഖയുണ്ടാവില്ലെന്ന് ധരിക്കുന്നവർക്ക് തെറ്റി. ഭൂമി കൈമാറ്റത്തിൽ കൃത്രിമം കാണിക്കുന്നവർക്കുള്ള അവസാനത്തെ അടിയാണ് ഡിജിറ്റൽ സർവേയിലൂടെ കേരളം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, അട്ടപ്പാടി പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്ത്, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ, പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, പൊറ്റശ്ശേരി മണികണ്ഠൻ, എ.കെ.അബ്ദുൽ അസീസ്, അസീസ് ഭീമനാട്, റഷീദ് ആലായൻ, ബാലൻ പൊറ്റശ്ശേരി, തങ്കച്ചൻ, ബേബിരാജ്, രവി, ഭാസ്കരൻ മുണ്ടക്കണ്ണി, സബ് കലക്ടർ മിഥുൻ പ്രേംരാജ് എന്നിവർ പ്രസംഗിച്ചു. 1439 പട്ടയങ്ങൾ വിതരണം ചെയ്തു.