ആദിവാസികൾക്കു കൃഷിക്കു നൽകിയത് വനം ബഫർസോണിനോടു ചേർന്ന ഭൂമി
Mail This Article
മണ്ണാർക്കാട്∙ ആദിവാസി വിഭാഗങ്ങൾക്കു കൃഷിഭൂമിയായി തത്തേങ്ങലത്തു സർക്കാർ കൈമാറിയതു സൈലന്റ്‌വാലിയുടെ ബഫർ സോണിനോട് അതിർത്തി പങ്കുവയ്ക്കുന്ന സ്ഥലം. കൃഷിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നു കാണിച്ച് സ്ഥലം ആദിവാസികൾ ഏറ്റെടുത്തിട്ടില്ല. മണ്ണാർക്കാട്, ചിറ്റൂർ താലൂക്കുകളിൽ നിന്നായി 253 പേർക്കാണു തത്തേങ്ങലത്ത് ഒരു ഏക്കർ ഭൂമി വീതം നൽകിയത്.കുരുത്തിച്ചാലിന്റെ തത്തേങ്ങലം ഭാഗം മുതൽ കരിമൻകുന്ന് വരെയുള്ള 200 ഹെക്ടർ സ്ഥലമാണ് അളന്നു നൽകിയിരുന്നത്. ഓരോ കുടുംബത്തിന്റെയും സ്ഥലത്തിന്റെ അതിർത്തി കല്ലിട്ടു തിരിച്ചിട്ടുണ്ട്. പക്ഷേ, നൽകിയ ഭൂമിയുടെ അതിർത്തി കല്ലിനപ്പുറം ബഫർസോണാണ്. ആന, പുലി, കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ള മേഖലയാണ്.
ബഫർ സോണിന്റെ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഈ ഭൂമിക്കും വരുമെന്ന ആശങ്കയിലാണ് ആദിവാസികൾ. ചെങ്കുത്തായതിനാൽ ജല ലഭ്യതയും പ്രതീക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണു പട്ടയം ലഭിച്ചിട്ടും ഭൂമി ഏറ്റെടുക്കാതിരുന്നതെന്ന് ഇവർ പറയുന്നു. ചിറ്റൂരിൽ നിന്നുള്ള സംഘം സ്ഥലം വന്നു കണ്ടെങ്കിലും ഏറ്റെടുക്കാൻ തയാറായില്ല. ഒറ്റയ്ക്കുള്ള കൃഷി ഇവിടെ സാധ്യമല്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇവിടെ ഏതു കൃഷിയാണു നടത്താൻ കഴിയുകയെന്നു പരിശോധിക്കാൻ അടുത്ത ദിവസം മണ്ണു സംരക്ഷണ വകുപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തും. ഈ മേഖലയിൽ ഭൂമിയുള്ളവരുടെ സൊസൈറ്റി രൂപീകരിച്ചു സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി നടത്തുന്ന പദ്ധതി മന്ത്രി കെ.കൃഷ്ണൻകുട്ടി മുന്നോട്ടു വച്ചിട്ടുണ്ട്. ഈ പദ്ധതി കൂടി പരിഗണിച്ചുള്ള പരിഹാരമാണു തേടുന്നതെന്നു കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കലക്ടർ ഡോ.എസ്.ചിത്ര പറഞ്ഞു.