ADVERTISEMENT

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ പാലക്കാട്ടെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള അവസാനഘട്ട നീക്കങ്ങളിലാണു മുന്നണികൾ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ സൂക്ഷ്മതയേ‍ാടെയാണു ചർച്ചകൾ. സംസ്ഥാനത്തെ പതിവു മത്സരത്തിൽ നിന്നു വ്യത്യസ്തമായി കുറച്ചു വർഷമായി യുഡിഎഫ്–എൻഡിഎ നേർക്കുനേർ മത്സരമാണ് പാലക്കാട്ട്. 

യുഡിഎഫ് പരിഗണിക്കുന്ന സ്ഥാനാർഥികളിൽ മുതിർന്ന കേ‍ാൺഗ്രസ് നേതാവ് കെ.മുരളീധരനുമുണ്ടെന്നാണു സൂചന. ബിജെപിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രചാരണവും ശക്തം. എൽഡിഎഫ് സ്ഥാനാർഥികൾക്കായി പ്രാഥമിക ചർച്ച അടുത്ത ദിവസം നടക്കും. 

ഷാഫി പറമ്പിൽ നേടിയ ഹാട്രിക് വിജയം കൂടുതൽ തിളക്കത്തേ‍ാടെ ആവർത്തിക്കാനുളള തയാറെടുപ്പിലാണ് യുഡിഎഫ് ക്യാംപ്. യൂത്ത്കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകുമെന്ന് നേരത്തേ മുതൽ പ്രചാരണമുണ്ട്. മുൻ എംഎൽഎ വി.ടി.ബൽറാം, കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ ഡേ‍ാ പി..സരിൻ ഉൾപ്പെടെ മറ്റു ചിലരുടെ പേരുകളും ചർച്ചയിലുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരം കടുക്കാമെന്ന വിലയിരുത്തലിലാണ് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ സാധ്യതാ ചർച്ചയിലെത്തിയത്. മുസ്‌ലിം ലീഗിനും അതിൽ താൽപര്യക്കുറവില്ല. തൃശൂർ തേ‍ാൽവിക്കു ശേഷം, പാലക്കാട് മത്സരിക്കില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചെങ്കിലും സംഘടനാതല ചർച്ചകളിൽ മാറ്റമുണ്ടായതായാണു സൂചന. 

മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം ബിജെപി ഭാരവാഹികളിൽ നിന്ന് സ്ഥാനാർഥികളെക്കുറിച്ച് അഭിപ്രായം തേടി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരാണ് നിലവിൽ പാനലിൽ ഉള്ളതെന്നാണു വിവരം. സ്ഥാനാർഥിത്വത്തിൽ ആദ്യം മുതൽ കേൾക്കുന്ന സി.കൃഷ്ണകുമാറിനാണ് സാധ്യത. 
ശേ‍ാഭാ സുരേന്ദ്രൻ മത്സരിച്ചേക്കുമെന്ന പ്രചാരണവുമുണ്ട്. ഏതു വിധത്തിലും വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ. 

സിപിഎമ്മിനു മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയും സംഘടനാ ദൗർബല്യവും പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയാറാക്കിയ പദ്ധതിയുടെ ഫലം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. പൊതുസമ്മതരായ സ്ഥാനാർഥികൾ എന്ന നിലയിൽ വിരമിച്ച പൊലീസ് സർജൻ ഡോ.പി.ബി. ഗുജറാളിനെയും നർത്തകിയും നടിയുമായ പാലക്കാട്ടുകാരിയെയും സമീപിച്ചെങ്കിലും അവർ സമ്മതിച്ചില്ലെന്നു വിവരമുണ്ട്. 

അനുഭാവികളായ പെ‍ാതുസമ്മതരും പരിഗണനയിലാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, മുൻ എംഎൽഎ ടി.കെ.നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി തുടങ്ങിയ പേരുകൾ പ്രചരിക്കുന്നുണ്ട്. 
പാർട്ടിയിലും പെ‍‌ാതുസമൂഹത്തിലും അംഗീകാരമുള്ള വ്യക്തിയെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമേ‍ാളും പരിഗണനയിലുണ്ടെന്നാണ് ഒടുവിലത്തെ സൂചന.

English Summary:

This article provides an in-depth look at the upcoming Palakkad by-election, examining the potential candidates being considered by the UDF, NDA, and LDF. It analyzes the current political climate and highlights the strategies of each front as they prepare for a competitive election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com