ADVERTISEMENT

പാലക്കാട് ∙ ഷൊർണൂർ – പാലക്കാട് റെയിൽവേ ലൈനും പൊള്ളാച്ചി ലൈനും ബന്ധിപ്പിക്കുന്ന ബൈപാസ് ട്രാക്കിന് ആദ്യ സിഗ്നൽ ലഭിച്ചു. പുതിയ ലൈനിനു റെയിൽവേ എറണാകുളം കൺസ്ട്രക്‌ഷൻ വിഭാഗം വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കും.രണ്ടു കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈനിനു വേണ്ടിയുള്ള പദ്ധതിയാണു തയാറാക്കുക. ഒരിടത്ത് അടിപ്പാത നിർ‌മിക്കണം. കാവിൽപ്പാട് പഴയ ഗേറ്റിൽ നിന്നു തുടങ്ങി പാലക്കാട് – ഷെ‍ാർണൂർ റൂട്ടിലെ പറളിയിൽ ചേരുന്ന ട്രാക്കിനാണു നിർദേശം. ഭൂമി ലഭ്യമാക്കുന്നതിനും ട്രാക്ക് സ്ഥാപിക്കുന്നതിനും ഉൾപ്പെടെ ഏകദേശം 350 കേ‍ാടി രൂപ ചെലവു വരും. ഡിപിആർ തയാറാക്കിയാൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ വിലയിരുത്തലിനു ശേഷം അക്കൗണ്ട്സ് വിഭാഗത്തിനു കൈമാറും. തുടർന്നു ജനറൽ മാനേജരുടെ വിശദപരിശേ‍ാധനയ്ക്കും മാറ്റങ്ങൾക്കും ശേഷം റെയിൽവേ ബേ‍ാർഡിനു കൈമാറും. ബേ‍ാർഡാണ് അന്തിമ അനുമതി നൽകേണ്ടത്.

ഭാവിയിൽ പെ‍ാള്ളാച്ചി പാതയിലൂടെ കൂടുതൽ ചരക്കുട്രെയിനുകൾ ഉൾപ്പെടെ വരുമ്പേ‍ാൾ അനുഭവപ്പെടാവുന്ന ഗതാഗത തടസ്സം ഒഴിവാക്കാനാണു ബൈപാസ് ട്രാക്ക് എന്ന ആശയം ഉയർന്നത്. ‘കുരുക്കഴിക്കാൻ ബൈപാസ്’ എന്ന പേരിൽ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചു മനേ‍ാരമ തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു. ഇതേത്തുടർന്ന്, പദ്ധതി അത്യാവശ്യമാണെന്നും അതിനായി ഇടപെടുമെന്നും വി.കെ.ശ്രീകണ്ഠൻ എംപിയും ഇ.ശ്രീധരനും വ്യക്തമാക്കി. ട്രാക്കിന്റെ പ്രസക്തിയും സാങ്കേതികകാര്യങ്ങളും വിശദമാക്കി ഇ.ശ്രീധരൻ റെയിൽവേ ഡിവിഷൻ മാനേജർക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും കത്തെഴുതി.

പെ‍ാള്ളാച്ചി ലൈനിൽ പാലക്കാട് ടൗൺ സ്റ്റേഷൻ വഴി തിരുവനന്തപുരം, മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ നിലവിൽ യുടേൺ എടുത്ത് പാലക്കാട് ജംക്‌ഷൻ സ്റ്റേഷനിലെത്തിയ ശേഷം എൻജിൻ ദിശ മാറ്റിയാണു യാത്ര തുടരുന്നത്. ഇതിനായി 40 മിനിറ്റ് അധികമെടുക്കും. നിർമാണത്തിലുള്ള രാമേശ്വരം പാലം സ്റ്റേഷനും പാലക്കാട് പിറ്റ്‌ല‌ൈനും യാഥാർഥ്യമാകുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇതുവഴി വരുമെന്നാണു കരുതുന്നത്.

English Summary:

Exciting news for railway connectivity in Kerala! The bypass track linking Shoranur, Palakkad, and Pollachi has achieved a major milestone with the installation of its first signal. The Ernakulam Construction Division of Indian Railways will now prepare a Detailed Project Report (DPR) for a proposed two-kilometer double line on this route. This development promises improved connectivity and travel efficiency in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com