ADVERTISEMENT

പാലക്കാട്∙ സ്ത്രീ ശക്തിയുടെ പ്രതീകമാണു പാലക്കാട് മേഴ്സി കോളജ് എന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കോളജിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.ഉഷ, എം.ഡി.വത്സമ്മ, മേഴ്സിക്കുട്ടൻ തുടങ്ങി ലോക കായികഭൂപടത്തിൽ പെരെഴുതിച്ചേർത്ത താരങ്ങളെ സമ്മാനിക്കുവാൻ മേഴ്സി കോളജിനു കഴിഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലരും പെൺകുട്ടികളോടു പി.ടി.ഉഷയെപ്പോലെ ഓടണമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മേഴ്സിയിലെ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ കേന്ദ്രമാണു കത്തോലിക്കാ സഭയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ.

പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകി സാമ്പത്തിക ശാക്തീകരണം കുടുംബങ്ങളിൽ സൃഷ്ടിക്കുവാൻ സഭ പ്രത്യേകം ശ്രദ്ധിച്ചു. നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ് പാലക്കാട് മേഴ്സി കോളജ്. അദ്ദേഹത്തിന്റെ ആഹ്വാന പ്രകാരം സ്ത്രീ വിദ്യാഭ്യാസത്തിനു പ്രഥമ പരിഗണന നൽകുന്ന സിഎംസി സിസ്റ്റേഴ്സാണു 1964ൽ കോളജ് സ്ഥാപിച്ചത്. എവിടെ പള്ളി ഉണ്ടോ അവിടെ പള്ളിക്കൂടം സ്ഥാപിക്കണമെന്നു അദ്ദേഹം പറഞ്ഞിരുന്നു. മിഷനറിമാർ ഇംഗ്ലിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചപ്പോൾ മലയാളം, സംസ്കൃത സ്കൂളുകൾ സ്ഥാപിച്ച് മാതൃഭാഷയിലൂടെ വിദ്യാഭ്യാസം നടത്താമെന്നു അദ്ദേഹം തെളിയിച്ചു. മേഴ്സി കോളജിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മധ്യവയസ്സിൽ എത്തുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമാകുമെന്നും 2047ൽ ഇന്ത്യ വികസിത രാജ്യങ്ങൾക്കൊപ്പം എത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. 60 വർഷം കൊണ്ടു കേരളത്തിനകത്തും പുറത്തും ഉന്നതമായ പല സ്ഥാനങ്ങളിലും എത്താൻ മേഴ്സി കോളജിലെ വിദ്യാർഥികൾക്കു കഴിഞ്ഞതാണു കോളജിന്റെ  നേട്ടമെന്നു അദ്ദേഹം പറഞ്ഞു. മണ്ണിനെ സ്നേഹിക്കുന്ന മണ്ണിന്റെ മക്കളെ സ്നേഹിക്കുന്ന കുട്ടികളെ വാർത്തെടുക്കുവാൻ മേഴ്സി കോളജിനു കഴിയുന്നത് അഭിനന്ദനാർഹമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി പറഞ്ഞു. ആത്മീയതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സ്ഥാപനമാണിതെന്നും ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ പഠിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.  ജെയ് ക്രിസ്റ്റോ പ്രോവിൻസ് മാനേജർ ഡോ.സിസ്റ്റർ ലിയോണി ജൂബിലി പ്രോജക്ട് പ്രകാശനം ചെയ്തു. കോളജിലെ 4 വിദ്യാർഥികൾക്കു ഭവന പുനർനിർമാണ ഫണ്ട് വജ്ര ജൂബിലിയുടെ ഭാഗമായി നൽകി. അട്ടപ്പാടി സെന്റ് പീറ്റർ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ അടിയന്തര ചികിത്സയ്ക്കു ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. പിടിഎ, പൂർവ അധ്യാപകരുടെ സംഘടന, കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്.കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സിസ്റ്റർ ടി.എഫ്.ജോറി, ആലുവ സിഎംസി ജനറൽ കൺവീനർ  സിസ്റ്റർ റോഷ്‌ലിൻ, മേഴ്സി കോളജ് ലോക്കൽ മാനേജർ യൂഷ്മ, പിടിഎ വൈസ് പ്രസിഡന്റ് വി.ഭവജൻ, ഡോ.സിസ്റ്റർ എൻ.എം.ലൗലി, കോളജ് ചാപ്ലിയൻ ഫാ.ജോഷി പുലിക്കോട്ടിൽ, അസോഷ്യേറ്റ് പ്രഫസർ ഡോ.മീന പി.കുമാർ, അസിസ്റ്റന്റ് പ്രഫസർ രേഖ വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Union Minister George Kurian inaugurated the diamond jubilee celebrations of Mercy College, Palakkad, praising its contribution to women's empowerment. The event highlighted the college's legacy of producing successful women and its commitment to education in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com