ADVERTISEMENT

ഒറ്റപ്പാലം  ∙ എൻഎസ്എസ് കോളജിൽ യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു ക്രമസമാധാനപ്രശ്നങ്ങളെ തുടർന്നു മാറ്റിവച്ചു. ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പു ഫലത്തെ ചൊല്ലി ക്യാംപസിനകത്തും പുറത്തും രൂപപ്പെട്ട സംഘർഷാവസ്ഥയെത്തുടർന്നാണു രാത്രി ഒൻപതോടെ നടപടി. ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്ത ശേഷം അവരിൽ നിന്നു ജനറൽ സീറ്റുകളിലേക്കു യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പാർലമെന്ററി മാതൃകയിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. 

ജനറൽ സീറ്റുകളിലേക്കു രാത്രി തിരഞ്ഞെടുപ്പു നടത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു വ്യക്തമാക്കി സബ് കലക്ടറും പൊലീസും പ്രിൻസിപ്പലിനു റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് 9 ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ 6 സീറ്റിൽ കെഎസ്‌യുവിനും എസ്എഫ്ഐക്കും തുല്യ വോട്ടായിരുന്നു. വിധിനിർണയം ലോട്ടെടുപ്പിലേക്കു നീണ്ടപ്പോൾ 4 സീറ്റ് കെഎസ്‌യുവിനും 2 എണ്ണം എസ്എഫ്ഐക്കും ലഭിച്ചു. ആകെയുള്ള 51 സീറ്റിൽ 27ൽ കെഎസ്‌യുവിനും 23ൽ എസ്എഫ്ഐക്കും ഒരു സീറ്റിൽ സ്വതന്ത്രനുമായിരുന്നു വിജയം.

ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ തിരഞ്ഞെടുപ്പിനെച്ചൊല്ലി എസ്എഫ്ഐ നടത്തിയ പ്രതിഷേധം.
ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ തിരഞ്ഞെടുപ്പിനെച്ചൊല്ലി എസ്എഫ്ഐ നടത്തിയ പ്രതിഷേധം.

ഇതിനുപിന്നാലെ തുല്യവോട്ട് ലഭിച്ചു ലോട്ടെടുപ്പിലൂടെ കെഎസ്‌യു വിജയിച്ച സീറ്റുകളിൽ റീ കൗണ്ടിങ്ങും വീണ്ടും വോട്ടുകൾ തുല്യമായാൽ നാണയത്തുട്ട് ഉപയോഗിച്ചു ടോസിലൂടെ വിധിനിർണയവും വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ റിട്ടേണിങ് ഓഫിസറെയും കാലിക്കറ്റ് സർവകലാശാലയെയും സമീപിച്ചു. റീകൗണ്ടിങ് അംഗീകരിച്ചെങ്കിലും വോട്ടുനില തുല്യമായാൽ വീണ്ടും ടോസ് എന്ന ആവശ്യം കോളജ് അധികൃതർ തള്ളിയതോടെ എസ്എഫ്ഐ കടുത്ത പ്രതിഷേധം ഉയർത്തി. ടോസ് വേണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെ  റീകൗണ്ടിങ്ങിനോടും എസ്എഫ്ഐ നിസ്സഹകരിച്ചു.

യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരം നാണയത്തുട്ട് ഉപയോഗിച്ചാണു ടോസിലൂടെ വിജയിയെ കണ്ടെത്തേണ്ടതെന്ന് എസ്എഫ്ഐ നേതൃത്വം അഭിപ്രായപ്പെട്ടു. അതേസമയം, ലോട്ടിലൂടെ വിജയിയെ നിർണയിച്ച ശേഷം എസ്എഫ്ഐയുടെ കൗണ്ടിങ് ഏജന്റ് രേഖകളിൽ ഒപ്പുവച്ചാണു മടങ്ങിയതെന്നും ഫലം അന്തിമമാണെന്നും കെഎസ്‌യു നേതൃത്വം അവകാശപ്പെട്ടു. എസ്എഫ്ഐ പ്രതിഷേധത്തിനിടെ ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് വൈകിട്ട് ആറോടെ വിജ്ഞാപനമിറങ്ങി.

ക്യാംപസിനകത്തും പുറത്തും പ്രതിഷേധം കനത്തതോടെയാണു തഹസിൽദാർ സി.എം.അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ റവന്യു സംഘമെത്തി ക്രമസമാധാന പ്രശ്നം സംബന്ധിച്ച നോട്ടിസ് പ്രിൻസിപ്പലിനു കൈമാറിയത്. പിന്നാലെ പൊലീസും നോട്ടിസ് നൽകി. രാത്രി ഒൻപതോടെ തിരഞ്ഞെടുപ്പു മാറ്റിവച്ചതായി പ്രഖ്യാപിച്ചു നോട്ടിസ് പതിച്ചതോടെ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തി. ജനറൽ സീറ്റുകളിലേക്കു കെഎസ്‌യു മാത്രമാണു നിശ്ചിത സമയത്തിനു മുൻപു നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുള്ളതെന്നും സംഘടനയുടെ ഏകപക്ഷീയമായ വിജയം അട്ടിമറിക്കുകയാണു ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

തിരഞ്ഞെടുപ്പു നടപടികൾ പലവട്ടം സംഘർഷത്തിന്റെ വക്കോളമെത്തി. കോളജിനു പുറത്തു സിപിഎം, കോൺഗ്രസ് പ്രവർത്തകർ വൻതോതിൽ സംഘടിച്ചിരുന്നു. രാത്രി വൈകിയും തർക്കങ്ങളും അനിശ്ചിതത്വവും തുടർന്നു.അതിനിടെ, ക്യാംപസിനു പുറത്തു പൊലീസിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ പരുക്കേറ്റ എആർ ക്യാംപിലെ പൊലീസുകാരൻ ഉദയനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്താണു പരുക്ക്. കോളജിനു പുറത്ത് കോൺഗ്രസ്, സിപിഎം പ്രവർത്തകർ സംഘടിച്ചത് സംഘർഷസാധ്യത സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണു കല്ലേറുണ്ടായത്.ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം.

English Summary:

Tensions ran high at NSS College, Ottapalam as the student union elections were postponed due to law and order issues. The decision came after protests erupted between KSU and SFI over class representative election results and a dispute over election procedures. The situation escalated with police intervention and reports of stone-pelting, leading to the postponement of elections for general seats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com