ADVERTISEMENT

പാലക്കാട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ കുറച്ചു വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ച് കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. അതു കോൺഗ്രസിനാണോ ബിജെപിക്കാണോ പോയതെന്നു അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാവ് കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ആര്യാടൻ മുഹമ്മദെന്നും ആ രക്തത്തിന്റെ ചൂടു മാറുന്നതിനു മുൻപാണ് അദ്ദേഹം എൽഡിഎഫിലേക്കു വന്നതും നിലമ്പൂരിൽ സ്ഥാനാർഥിയായതെന്നും ബാലൻ പറഞ്ഞു.

കിട്ടാവുന്ന അവസരങ്ങളെല്ലാം സിപിഎം ഉപയോഗിക്കും. അതു മാർക്സിസവും ലെനിനിസവുമാണ്. 1970 മുതൽ 80 വരെ മാർക്സിസ്റ്റ് വിരുദ്ധ അന്തരീക്ഷവും സർക്കാരുമായിരുന്നു കേരളത്തിൽ. അന്ന് എ.കെ.ആന്റണിയെ ഒപ്പം കൂട്ടിയിട്ടാണ് അതു പൊട്ടിച്ചത്. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന്റെ പ്രധാന രഹസ്യം കെ.കരുണാകരൻ കോൺഗ്രസ് വിട്ടു ഡിഐസിയുമായി ഇടതു മുന്നണിയോടൊപ്പം വന്നതാണ്. വി.ഡി.സതീശന്റെ ബിജെപി ഡീൽ സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന വാർത്തയാണു പി.സരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതു ഗൗരവമായി ചർച്ച ചെയ്യണമെന്നും ബാലൻ പറഞ്ഞു. അതായിരിക്കും ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. രഹസ്യത്തിന്റെ ഉള്ളറകളുടെ ഒരു കാവൽഭടൻ, അതാണു സരിൻ എന്നും ബാലൻ പറഞ്ഞു.

സിപിഎം ചിഹ്നത്തിനും തയാർ: സരിൻ 
പാലക്കാട് ∙ എൽഡിഎഫ് സർക്കാർ 3.0 അവതരിപ്പിക്കാനുള്ള രാഷ്ട്രീയദൗത്യത്തിന്റെ ഭാഗമാകാനാണു താൻ പോകുന്നതെന്നു ഡോ.പി.സരിൻ പറഞ്ഞു. വേണമെങ്കിൽ പാർട്ടി ചിഹ്നത്തിൽ പോലും മത്സരിക്കും. അങ്ങനെ സംഭവിക്കുമ്പോഴാണു തികഞ്ഞ രാഷ്ട്രീയം വരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയവിജയമാണു താൻ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷധർമം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട വി.ഡി.സതീശനെ മാറ്റാനുള്ള ചർച്ച തുടങ്ങിയതായി തനിക്കറിയാം. ഒന്നുകിൽ നവംബർ 13നു മുൻപ് അല്ലെങ്കിൽ ഫലപ്രഖ്യാപനത്തിനു ശേഷം അതു സംഭവിക്കും. നല്ലതിനു വേണ്ടിയാണെങ്കിൽ സന്തോഷം. നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തുകയായിരുന്നു യുഡിഎഫ്. രാഷ്ട്രീയം പറഞ്ഞു പൊളിഞ്ഞ ഒരു മുന്നണിയുടെ ഭാഗമായി താൻ നേരത്തെ പറഞ്ഞതും പൊളിഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനെ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ചുവന്ന ഷാൾ അണിയിച്ചു.

English Summary:

This article delves into the evolving political landscape in Kerala, focusing on Palakkad. Discover insights into CPI(M)'s vote share, P. Sarin's defection to LDF, and the potential impact on the upcoming elections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com