ADVERTISEMENT

ഒറ്റപ്പാലം ∙ ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനു പിന്നാലെ ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ യൂണിയൻ തിരഞ്ഞെടുപ്പു നടപടികൾ മാറ്റിവയ്ക്കപ്പെട്ട എൻഎസ്എസ് കോളജിൽ തൽസ്ഥിതി തു‌ടരാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കോളജിന്റെ വാദം കേൾക്കാനായി ഹർജി 22നു വീണ്ടും പരിഗണിക്കും. ഇതുവരെ തൽസ്ഥിതി തുടരാനാണ് ഇടക്കാല ഉത്തരവെന്നു പ്രിൻസിപ്പൽ കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.  ചെയർമാൻ ഉൾപ്പെടെ യൂണിയന്റെ 9 ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു മാറ്റിവയ്ക്കപ്പെട്ടതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ കെഎസ്‌യു സമർപ്പിച്ച ഹർജി പരിഗണിച്ചാണു കോടതി ഉത്തരവ്.

നിർത്തിവയ്ക്കപ്പെട്ട തിരഞ്ഞെടുപ്പു നടപടികൾ നിയമാനുസൃതം തുടരണമെന്നാണു കെഎസ്‌യു പാനലിൽ ക്ലാസ് പ്രതിനിധികളായി വിജയിച്ചവർ നൽകിയ ഹർജിയിലെ ആവശ്യം.  ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്ത ശേഷം അവരിൽ നിന്നു ജനറൽ സീറ്റുകളിലേക്കു ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പാർലമെന്ററി മാതൃകയിൽ ഇലക്‌ഷൻ നടത്തുന്ന കോളജാണിത്. കഴിഞ്ഞ 10നു ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ 6 സീറ്റുകളിൽ കെഎസ്‌യുവിനും എസ്എഫ്ഐയ്ക്കും തുല്യവോട്ടുകളായിരുന്നു. ഈ സീറ്റുകളിൽ ലോട്ടെടുപ്പിലൂടെയാണു വിജയികളെ തീരുമാനിച്ചിരുന്നത്.

കെഎസ്‌യുവിനു നാലും എസ്എഫ്ഐയ്ക്കു രണ്ടും സീറ്റുകളിലായിരുന്നു ലോട്ടെടുപ്പിൽ വിജയം. ഇതേച്ചൊല്ലിയുണ്ടായ തർക്കങ്ങൾ ക്രമസമാധാന പ്രശ്നമായി വളർന്നതോടെയാണ് 9 ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രാത്രി വൈകി നിർത്തിവച്ചത്. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്ന് അറിയിച്ചു സബ് കലക്ടറും പൊലീസും നോട്ടിസ് നൽകിയതിനു പിന്നാലെയായിരുന്നു നടപടി. പിന്നീടു ബാലറ്റ് പേപ്പറുകൾ പൊലീസ് സുരക്ഷയിൽ സ്ട്രോങ് റൂമിലേക്കു മാറ്റി. അതേസമയം, ഇതിനു ശേഷം ക്ലാസുകൾ മുടങ്ങുന്ന കലാലയത്തിൽ അധ്യയനം പുനരാരംഭിക്കുന്നതിന് അച്ചടക്ക സമിതി യോഗത്തിൽ വഴിതെളിഞ്ഞു.

അധ്യയനം തുടങ്ങുന്നതിനു തടസ്സമില്ലെന്നു വിദ്യാർഥി സംഘടനാ പ്രതിനിധികൾ യോഗത്തിൽ സ്വീകരിച്ച നിലപാട് മാനേജ്മെന്റിനെ അറിയിക്കുമെന്നു  പ്രിൻസിപ്പൽ പറഞ്ഞു. മാനേജ്മെന്റിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ക്ലാസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ അധ്യയനം പുനരാരംഭിക്കാൻ ശ്രമം നടന്നെങ്കിലും കെഎസ്‌യുവിന്റെയും എസ്എഫ്ഐയുടെയും സമരങ്ങളെ തുടർന്നു കഴിഞ്ഞിരുന്നില്ല. തൽക്കാലം ഓൺലൈൻ ക്ലാസുകളിലേക്കു മാറാമെന്ന സ്റ്റാഫ് കൗൺസിൽ തീരുമാനത്തിനിടെയാണു സബ് കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ സി.എം.അബ്ദുൽ മജീദിന്റെ സാന്നിധ്യത്തിൽ വിദ്യാർഥി സംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് അച്ചടക്ക സമിതി ചേർന്നത്. 

അട്ടിമറി ആരോപിച്ച് സിപിഎം മാർച്ച് 
ഒറ്റപ്പാലം∙ എൻഎസ്എസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചു കോളജിലേക്കു സിപിഎം മാർച്ച് നടത്തി. ഒരു വിഭാഗം അധ്യാപകർ കെഎസ്‌യുവിനെ സഹായിക്കുകയാണെന്നാണ് ആരോപണം. രാഷ്ട്രീയ വിവേചനം കാട്ടുന്ന അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സമരം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.രാജേഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ഒറ്റപ്പാലം ബ്ലോക്ക് സെക്രട്ടറി പി.എസ്.അബ്ദുൽ മുത്തലിഫ്, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ഷിബു, എം.ഐ.എ.റസാഖ്, പാലപ്പുറം ലോക്കൽ സെക്രട്ടറി സി.മാധവൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.

English Summary:

Tension grips NSS College, Ottapalam, as the Kerala High Court steps in to address the impasse in student union elections. The court's decision follows a KSU petition alleging irregularities after the postponement of elections for the union's general seats. While a disciplinary committee works towards resuming classes disrupted by protests, the CPM organizes a march alleging bias and demanding action against certain teachers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com