ADVERTISEMENT

പാലക്കാട് ∙ ഓരോ വോട്ടും പെട്ടിയിലാക്കാൻ പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ. തന്റേതായ പ്രത്യേക ശൈലിയിലാണു സരിൻ വോട്ടഭ്യർഥനയുമായി ജനങ്ങൾക്കിടയിൽ എത്തുന്നത്. ചുക്കാൻപിടിക്കാൻ ഒപ്പം സിപിഎം നേതാക്കളും പ്രവർത്തകരുമുണ്ട്. ഇന്നലെ വൈകിട്ടു മൂന്നിനു കണ്ണാടി പഞ്ചായത്തിലെ കർഷകത്തൊഴിലാളി യൂണിയൻ നേതാവും പാർട്ടിയിലെ മുതിർന്ന അംഗവുമായ കുഞ്ചുമായാണ്ടിയെ സന്ദർശിച്ചാണു പര്യടനത്തിനു തുടക്കംകുറിച്ചത്. പാത്തിക്കലിൽ നടന്ന സ്വീകരണത്തിൽ മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ.പി.രാജേന്ദ്രൻ സരിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.കണ്ണനൂർ ജംക്‌ഷനിലെ കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, മില്ലുകൾ എന്നിവിടങ്ങളിൽ വോട്ടഭ്യർഥന നടത്തി. തുടർന്നു വൈകിട്ടോടെ പുത്തൂർ ചന്തയിലെത്തി വ്യാപാരികളെയും ജനങ്ങളെയും കണ്ട് വോട്ടുതേടി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ഇന്നു പിരായിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും.

പഴയ പ്രസ്താവനകളിൽ സരിന്റെ കുറ്റസമ്മതം 
പാലക്കാട് ∙ കേ‍ാൺഗ്രസിലായിരിക്കേ വിവിധ വിഷയങ്ങളിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തിയ ചില രാഷ്ട്രീയ വിമർശനങ്ങൾ, ഇടപെടലുകൾ, പരാമർശങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ഡേ‍ാ.പി.സരിന്റെ കുറിപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേ‍ാൺഗ്രസ് പാലക്കാട് വിജയിച്ചത് സിപിഎം വേ‍ാട്ടുകൾ ലഭിച്ചിട്ടാണെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണു പേ‍ാസ്റ്റ് എന്നതും ശ്രദ്ധേയമായി.

കേ‍ാൺഗ്രസ് തെരുവിൽ ഉപേക്ഷിച്ചപ്പേ‍ാൾ പിന്തുണച്ച ഇടതിനേ‍ാടും ചെങ്കെ‍ാടിയേ‍ാടും മരണംവരെ കൂറു പ്രഖ്യാപിക്കുന്ന പേ‍ാസ്റ്റിൽ സിപിഎം പ്രവർത്തകരേ‍ാട് തന്നെ സഖാവേ എന്നു വിളിക്കാനും അഭ്യർഥിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സഹയാത്രികരുടെ വേ‍ാട്ടുകൾ കേ‍ാൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചുവെന്ന സരിന്റെ ആവർത്തിച്ചുള്ള പ്രസ്താവന ചർച്ചയായിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എൽഡിഎഫ് വേ‍ാട്ട് അന്നു കേ‍ാൺഗ്രസിനു ലഭിച്ചതെന്നും അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിക്കു പേ‍ാലും അതിൽ കുറ്റബേ‍ാധം ഉണ്ടാകുമെന്നു തേ‍ാന്നുന്നില്ലെന്നും, അന്നു മത്സരിച്ച സി.പി.പ്രമേ‍ാദിന്റെ സാന്നിധ്യത്തിൽ ആവർത്തിക്കുകയും ചെയ്തു.

എൽഡിഎഫിനു കിട്ടേണ്ട മതനിരപേക്ഷവേ‍ാട്ടുകൾ ഷാഫി കുബുദ്ധിയിലൂടെ സ്വന്തമാക്കിയെന്നാണു താൻ ഉദ്ദേശിച്ചതെന്ന് സരിൻ പിന്നീട് വിശദീകരിച്ചു. പ്രസ്താവനകളിൽ അതീവ ജാഗ്രത വേണമെന്ന നി‍ർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്ഥാനാർഥി ഇടതുലൈനിൽ എത്തുന്നതു വരെ പ്രസ്താവനകൾ നിരീക്ഷിക്കാനാണു സിപിഎം നീക്കം. അതേസമയം, സ്വതന്ത്രമായി, ഇഷ്ടമുള്ള രീതിയിൽ വേ‍ാട്ടു തേടാനാണു പാർട്ടി നിർദേശമെന്നും കാര്യങ്ങൾ പറയുന്നതിൽ നിന്നു സിപിഎം വിലക്കിയിട്ടില്ലെന്നും സരിൻ പറഞ്ഞു. തെറ്റെന്നു തേ‍ാന്നുന്നതു തിരുത്തും. മുൻപ് മുഖ്യമന്ത്രിക്കെതിരായ ട്രേ‍ാളുകളിൽ ക്ഷമ പറഞ്ഞത് ഉത്തമബേ‍ാധ്യത്തിലാണെന്നും കൂട്ടിച്ചേർത്തു.

English Summary:

Running as an LDF Independent candidate, Dr. P. Sarin is actively engaging with voters and intensifying his campaign efforts to secure victory in the upcoming election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com