ഓൺലൈൻ തട്ടിപ്പ്: ഒരു വർഷത്തിനിടെ ഷൊർണൂരിൽ 7 കേസ്; പോയത് 16.5 ലക്ഷം രൂപ
Mail This Article
ഷൊർണൂർ ∙ വിവിധ ഓൺലൈൻ തട്ടിപ്പുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 7 പേർക്കു നഷ്ടമായത് 16.5 ലക്ഷം രൂപ. മാസങ്ങൾക്കു മുൻപാണ് വേമ്പലത്തുപാടം സ്വദേശി ഓൺലൈൻ കച്ചവട സൈറ്റ് വഴി തട്ടിപ്പിനിരയായത്. ആപ് വഴി ഓർഡർ ചെയ്താൽ സമ്മാനങ്ങൾ ലഭിക്കും എന്നു വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി ഒന്നര ലക്ഷത്തിലധികം രൂപയാണ് അക്കൗണ്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടത്. ഗോവ യാത്രയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പേരിലാണ് ഷൊർണൂർ സ്വദേശിയെ കബളിപ്പിച്ചത്.
അവർ നിർദേശിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടത്.1.25 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ച് മാസങ്ങൾ കഴിഞ്ഞിട്ട് ഒരു വിവരവും ഇല്ലാതായതോടെയാണു തട്ടിപ്പിനിരയായതു മനസ്സിലാക്കിയത്.
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ഷൊർണൂരിലെ യുവാവിൽ നിന്നു തട്ടിയെടുത്തത് 2.50 ലക്ഷത്തിലധികം രൂപയാണ്. ലാഭമായി ആപ്പിൽ കാണിക്കുന്ന തുക പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതു തിരിച്ചറിയുന്നത്. സമൂഹമാധ്യമം വഴി സൗഹൃദം നടിച്ച് പ്രാങ്ക് ജൊഹാൻ എന്ന പേരിൽ 8.50 ലക്ഷത്തോളം രൂപയാണ് ഷൊർണൂർ സ്വദേശിയിൽ നിന്നു മാസങ്ങൾക്കു മുൻപു തട്ടിയെടുത്തത്.
വിവിധ സാധനങ്ങൾ പാഴ്സൽ വഴി അയച്ചു തരാം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ടയാൾ ലോൺ ശരിയാക്കിത്തരാം എന്ന പേരിലാണ് ഷൊർണൂർ സ്വദേശിയായ മധ്യവയസ്കനെ കബളിപ്പിച്ചത്. ആദ്യം ഒരു ലക്ഷം രൂപ അടച്ചാൽ ആവശ്യപ്പെടുന്ന എത്ര തുക വേണമെങ്കിലും ലോണായി ലഭിക്കും എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
ഓൺലൈൻ ബിസിനസിന്റെ പേരിലായിരുന്നു മറ്റൊരു തട്ടിപ്പ്. ഷൊർണൂർ സ്വദേശിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു മറ്റൊരു തട്ടിപ്പ്. മുപ്പതിനായിരത്തോളം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺകോൾ. തുക അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി ഇല്ലാതായതോടെയാണു തട്ടിപ്പു മനസ്സിലാക്കിയത്.
തട്ടിപ്പിന് ഇരയായവർ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്യുകയും പരാതി ജില്ലാ പൊലീസ് മേധാവി മുഖേന ഷൊർണൂർ പൊലീസിനു കൈമാറുകയും ചെയ്തതോടെയാണു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തിരികെപ്പിടിച്ചത് 2.50 ലക്ഷം
ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 7 ഓൺലൈൻ തട്ടിപ്പു കേസുകളിൽ തിരിച്ചു പിടിച്ചത് 2.50 ലക്ഷത്തോളം രൂപ. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായെന്നു തിരിച്ചറിഞ്ഞ് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി ലഭിച്ചാൽ ഉടൻ, പണം എത്തിയ അക്കൗണ്ട് മരവിപ്പിക്കും. പിന്നാലെ അവിടെ നിന്നു ചെറിയ തുകകളായി മാറ്റപ്പെട്ട അക്കൗണ്ടുകളും മരവിപ്പിക്കും. അക്കൗണ്ടുകളിൽ ബാക്കിയുള്ള തുകയാണു തിരിച്ചുപിടിക്കുക. ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ പരാതി അറിയിക്കാം.