ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി മരുന്നു കടത്ത്: സംഘാംഗത്തിന്റെ മണ്ണാർക്കാട്ടെ മെഡിക്കൽ ഷോപ്പ് അടപ്പിച്ചു
Mail This Article
മണ്ണാർക്കാട്∙ ഡോക്ടറുടെ വ്യാജ കുറിപ്പടി ഉപയോഗിച്ച് ഉറക്ക ഗുളികകളും വേദനസംഹാരികളുമായി കോയമ്പത്തൂർ പൊലീസിന്റെ പിടിയിലായ മണ്ണാർക്കാട് സ്വദേശിയുടെ മെഡിക്കൽ ഷോപ്പ് അടപ്പിച്ചു. മണ്ണാർക്കാട് സ്വദേശി ബി.സുദർശന്റെ ലൈസൻസിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ പ്രവർത്തിച്ചിരുന്ന ദയ മെഡിക്കൽസാണ് പൂട്ടിയത്. കേരളത്തിൽ നിന്ന് ഉറക്ക ഗുളികകളും വേദനസംഹാരികളും കടത്തുന്നതിനിടെയാണ് മറ്റ് ആറു പേർക്കൊപ്പം സുദർശൻ പൊലീസിന്റെ പിടിയിലായത്. ലഹരി വസ്തുക്കൾ നിർമിക്കുന്നതിനാണ് ഇത്തരത്തിൽ വേദന സംഹാരികളും മറ്റും വാങ്ങുന്നതെന്നാണ് കോയമ്പത്തൂർ പൊലീസിന്റെ കണ്ടെത്തൽ.
ഇതിനായി ഡോക്ടറുടെ കുറിപ്പടി വ്യാജമായി നിർമിച്ചു. സുദർശന്റെ കടയിൽ നിന്നാണ് ഇവർ മരുന്ന് വാങ്ങിയിരുന്നത്. ഇവരുടെ ഉദ്ദേശ്യം മനസ്സിലായിട്ടും മരുന്ന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തെ തുടർന്നാണ് തിരുവനന്തപുരം ഡ്രഗ് കൺട്രോളറുടെയും തൃശൂർ അഡീഷനൽ ഡ്രഗ് കൺട്രോളറുടെയും നിർദേശ പ്രകാരം ഡ്രഗ് ഇൻസ്പെക്ടർമാരായ എ.കെ.ലിജീഷ്, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ കടയിൽ പരിശോധന നടത്തിയത്. കോയമ്പത്തൂർ പൊലീസ് പിടികൂടിയ സംഘത്തിൽ നിന്നു ലഭിച്ച ചില മരുന്നുകൾ കടയിൽ നിന്നു കണ്ടെത്തിയതായി ഇൻസ്പെകട്ർ അറിയിച്ചു.