കർഷകത്തൊഴിലാളികളുമായി സ്നേഹം പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Mail This Article
പാലക്കാട് ∙ കൊയ്ത്തു നടക്കുന്ന കണ്ണാടിയിലെ പാടങ്ങളിലും നെൽക്കറ്റകൾ ട്രാക്ടറിൽ കയറ്റുന്ന കർഷകത്തൊഴിലാളികൾക്കിടയിലും വോട്ട് അഭ്യർഥിച്ച് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നടന്നു. കൃഷി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു ചോദിച്ചും വിഷമങ്ങൾ പങ്കുവച്ചുമുളള സ്ഥാനാർഥിയുടെ ഇടപെടലിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. ചിലർ വൻവിജയം നേർന്നു. പാർട്ടിപ്രവർത്തകർക്കൊപ്പം രാവിലെ കാഴ്ചപ്പറമ്പിലെയും കിണാശ്ശേരിയിലെയും ഫിറ്റ്നസ്(വ്യായാമകേന്ദം) കേന്ദ്രങ്ങളിൽ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പര്യടനത്തിനു തുടക്കം.
കിണാശ്ശേരി ജംക്‌ഷനിൽ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ആവേശകരമായ സ്വീകരണം ലഭിച്ചു. പിന്നെ കാഴ്ചപ്പറമ്പിലെ തന്നെ പാൽ സൊസൈറ്റിയിൽ. പാലളക്കാൻ വരി നിന്നവർക്കടുത്തെത്തി വോട്ടുതേടി. തുടർന്ന്, കണ്ണാടി കൊറ്റുകുളങ്ങര ക്ഷേത്രം സന്ദർശിച്ചു. പാത്തിക്കൽ, കണ്ണന്നൂർ ജംക്‌ഷനുകളിലും സ്ഥനാർഥിയെക്കാത്ത് ആളുകളുണ്ടായിരുന്നു. കണ്ണാടി മണ്ഡലത്തിൽ മണലൂർ, കൊടക്കാട് പ്രദേശങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ഏറെനേരം ചെലവഴിച്ചു. അവർ വിഷമങ്ങൾ വിവരിച്ചു. തൊഴിൽസമയത്തിന്റെയും വയ്യായ്മയുടെയും കാര്യങ്ങൾ.
രോഗം, ചികിത്സാചെലവ് എന്നിവയൊക്കെ അറിയിച്ചു. പരിഹാരത്തിനു ശ്രമിക്കുമെന്ന് ഉറപ്പു നൽകിയാണ് രാഹുൽ മടങ്ങിയത്. പിന്നീട് മണ്ഡലത്തിൽ അടുത്തിടെ മരണം നടന്ന വീടുകൾ, വിവാഹ വീടുകൾ എന്നിവ സന്ദർശിച്ചു. പ്രധാന പ്രവർത്തകരെയും കണ്ടു. വെറുംവയറോടെ തുടങ്ങിയ പര്യടനത്തിനിടയിൽ പിന്നീട് കഴിച്ചത് ചായകൾ മാത്രം. വൈകിട്ടു മുതൽ പാലക്കാട് ടൗണിലെ പ്രധാന സ്ഥാപനങ്ങളിൽ വോട്ടുതേടിയാണ് പര്യടനത്തിന്റെ സമാപനം.