നെൽക്കർഷകരുടെ ദുരിതം കേട്ട് രാഹുൽ
Mail This Article
പാലക്കാട് ∙ നെൽക്കർഷകരുടെ ദുരിതം കേട്ടായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പ്രചാരണം. കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലെ കൃഷ്ണൻ രാഹുലിനോടു തന്റെ ദുരവസ്ഥ പറഞ്ഞു. അഞ്ച് ഏക്കറോളം വരുന്ന കൃഷിയിൽ നിന്നു നെല്ലുസംഭരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. കൃഷി നടത്താൻ വേണ്ടി സമ്പാദ്യമെല്ലാം പണയത്തിലാണ്. കാർഷിക വായ്പയും സബ്സിഡിയും പോലും കൃത്യമായി ലഭിക്കുന്നില്ല. മലമ്പുഴ ഡാമിൽ നിന്ന് ആവശ്യത്തിനു വെള്ളവും ലഭിക്കുന്നില്ല. പ്രശ്നങ്ങളെല്ലാം കേട്ട ശേഷം ക്രിയാത്മകമായ ഇടപെടലുകളും പരിഹാരങ്ങളും ഉറപ്പുനൽകിയാണു രാഹുൽ മടങ്ങിയത്.
പിരായിരി ഗ്രാമത്തിൽ സ്ഥാനാർഥിയെ ആവേശത്തോടെ സ്വീകരിച്ചു. പ്രിയദർശനി നഗറിലും വോട്ടർമാരുടെ പിന്തുണ തേടി. കൊടുന്തിരപ്പുള്ളി പഞ്ചായത്ത് ഓഫിസിലും സഹകരണ ബാങ്കുകളിലുമെത്തി രാഹുൽ വോട്ടുചോദിച്ചു. വിവിധ റസിഡൻഷ്യൽ കമ്മിറ്റികളുടെ പരിപാടികളിൽ പങ്കെടുത്തു. കുടുംബയോഗങ്ങളും ആരംഭിച്ചു. പിരായിരി മണ്ഡലം 107,108 ബൂത്തുകളുടെ കുടുംബസംഗമം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. എഐസിസി സെക്രട്ടറി പി.വി.മോഹൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.