ഷൊർണൂർ - നിലമ്പൂർ: കൂടുതൽ പാസഞ്ചർ ട്രെയിനുകൾക്കായി കാത്തിരിപ്പു നീളുന്നു
Mail This Article
ഷൊർണൂർ ∙ രാത്രികാലങ്ങളിൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു നിലമ്പൂരിലേക്കുള്ള ട്രെയിൻ ലഭിക്കാനുള്ള നെട്ടോട്ടത്തിലാകും യാത്രക്കാർ. പുതിയ 2 ക്രോസിങ് സ്റ്റേഷനുകൾ കൂടി വരുന്നതോടെ ഷൊർണൂർ - നിലമ്പൂർ ഒറ്റവരിപ്പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കണം എന്നാണു യാത്രക്കാരുടെ ആവശ്യം.
ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കു കൂടുതൽ പാസഞ്ചർ ട്രെയിനുകൾ വേണമെന്നു റെയിൽവേയോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 7 ട്രെയിനുകൾ ഷൊർണൂരിലേക്കും 7 എണ്ണം നിലമ്പൂരിലേക്കും എന്നിങ്ങനെ ദിവസേന 14 ട്രെയിനുകളാണു സർവീസ് നടത്തുന്നത്. രാത്രി 8.10നാണ് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ. എന്നാൽ 7.47ന് ഷൊർണൂരിൽ എത്തേണ്ട ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകുമ്പോൾ പലർക്കും നിലമ്പൂരിലേക്കു ട്രെയിൻ കിട്ടാത്ത സാഹചര്യമാണുള്ളത്.
അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിലാണു നിലവിൽ ക്രോസിങ് ഉള്ളത്. കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ ക്രോസിങ് യാഥാർഥ്യമാകുമ്പോൾ 28 സർവീസുകൾക്കു വരെ സാധ്യതയുണ്ടെന്നാണു റെയിൽവേയുടെ പഠനം. കുലുക്കല്ലൂരിൽ 16.15 കോടി, മേലാറ്റൂരിൽ 14.58 കോടി രൂപ വീതമാണ് ക്രോസിങ് സ്റ്റേഷൻ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. നിലമ്പൂർ ഷൊർണൂർ പാത പൂർണമായി വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയായ ശേഷം മാത്രമേ പുതിയ ട്രെയിൻ ആവശ്യം പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നാണു റെയിൽവേയുടെ മറുപടി.