അതിർത്തി മേഖലയിൽ വീണ്ടും പൊലീസിന്റെ സ്പിരിറ്റ് വേട്ട; വീട്ടിൽ നിന്ന് 1,260 ലീറ്റർ സ്പിരിറ്റ് പിടികൂടി
Mail This Article
കൊഴിഞ്ഞാമ്പാറ ∙ കേരള – തമിഴ്നാട് അതിർത്തി മേഖലയിൽ കള്ളു ചെത്തുന്ന തോപ്പിനോടു ചേർന്നുള്ള വീട്ടിൽ നിന്നു പൊലീസ് 1,260 ലീറ്റർ സ്പിരിറ്റ് പിടികൂടി. ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. രഹസ്യവിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ കൊഴിഞ്ഞാമ്പാറ പാറുമാൻചള്ള എം.രംഗനാഥന്റെ (20) വീട്ടുമുറ്റത്തെ ജലസംഭരണിയിൽ ഓല വച്ചു മൂടിയ നിലയിൽ കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റാണു കണ്ടെടുത്തത്.
35 ലീറ്ററിന്റെ 36 കന്നാസുകളാണ് ഉണ്ടായിരുന്നത്. രംഗനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഓഗസ്റ്റ് 30ന് എരുത്തേമ്പതി എല്ലപ്പട്ടാംകോവിലിലെ തെങ്ങിൻതോപ്പിൽ നിന്ന് 2,800 ലീറ്റർ സ്പിരിറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. അതിനു ശേഷം കൊല്ലങ്കോട് മേഖലയിൽ നിന്നു രണ്ടു കേസുകളിലായി 6,600 ലീറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഓണത്തിരക്കു കഴിഞ്ഞ് പരിശോധന അവസാനിച്ചതോടെയാണു സ്പിരിറ്റ് കടത്തു വീണ്ടും സജീവമായത്.
ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, സിഐമാരായ എം.ശശിധരൻ, എം.ആർ. അരുൺകുമാർ, എസ്ഐ ബി.പ്രമോദ്, ഗ്രേഡ് എസ്ഐമാരായ എം.മുഹമ്മദ് റാഫി, എം.നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.ഹരിദാസ്, ബി.സഞ്ജു, ആർ.രതീഷ്, സി.രവീഷ്, സി.എം.ബാലകൃഷ്ണൻ, എം. അബു താഹിർ, വനിതാ സിവിൽ പൊലീസ് ഓഫിസർ കെ.കവിത, കെ.എം.രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.