കോവൈ കുറ്റാലം; പണം വാരുന്നതിനിടയിൽ സൗകര്യങ്ങൾ ഒരുക്കാതെ തമിഴ്നാട് വനംവകുപ്പ്
Mail This Article
കോയമ്പത്തൂർ∙ വിനോദസഞ്ചാരത്തിന്റെ പേരിൽ പണം കൈപ്പറ്റുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് സൗകര്യമൊരുക്കാതെ വനംവകുപ്പ്. കോയമ്പത്തൂരിലെ ബോലുവാം പട്ടി റേഞ്ചിൽപ്പെട്ട എക്കോ ടൂറിസ്റ്റ് കേന്ദ്രമായ കോവൈ കുറ്റാലത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ ആയിരങ്ങളെ കടത്തിവിടുന്നത്. എൻട്രൻസ് ഫീസായി മുതിർന്നവർക്ക് 60 രൂപ വാങ്ങിയ ശേഷമാണ് വനംവകുപ്പ് ആളുകളെ കടത്തിവിടുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിച്ചേരാവുന്ന താരതമ്യേന ചെലവ് കുറഞ്ഞതുമായ കോവൈ കുറ്റാലത്തിൽ വാരാവസാനവും അവധി ദിനങ്ങളിലും ശരാശരി 2,000 മുതൽ 2,500 പേർ വരെ സഞ്ചാരികൾ എത്തുന്നുണ്ട്. ഉള്ളിലേക്കു കടക്കുന്ന വാഹനങ്ങൾക്കു പാർക്കിങ് ഫീസും ഈടാക്കുന്നുണ്ട്. ഏതാണ്ട് രണ്ടര കിലോമീറ്ററോളം നടന്നുവേണം അരുവിയിലേക്ക് എത്താൻ.
സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രം മാറാനായി നാമമാത്രമായ മുറികൾ മാത്രമാണുള്ളത്. ഒരേ മുറിയിൽ രണ്ടുമൂന്നു പേർ ഒന്നിച്ചു വേണം വസ്ത്രം മാറ്റാൻ. നൂറുകണക്കിന് പേർ ഒന്നിച്ച് എത്തുമ്പോൾ ശുചിമുറി അടക്കം സൗകര്യങ്ങൾ തികയുന്നില്ലെന്ന് സഞ്ചാരികൾ പറയുന്നു. അപ്രതീക്ഷിതമായി അപകടം ഉണ്ടായാലോ അസുഖം വന്നാലോ റോഡിലേക്ക് എത്തിക്കാൻ ആംബുലൻസോ വനം വകുപ്പിന്റെ വാഹനങ്ങളോ സ്ഥലത്തില്ല.അസുഖം ബാധിച്ചവരെയും കൊണ്ട് കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം വാഹനങ്ങൾക്ക് അടുത്തെത്താൻ. വെള്ളിയാഴ്ച ഇത്തരത്തിൽ യുവതി മയങ്ങി വീണതിനെ തുടർന്ന് ബന്ധുക്കളും കണ്ടുനിന്ന സഞ്ചാരികളുമാണ് ശ്രമപ്പെട്ട് വാഹനത്തിനരികിലേക്ക് എത്തിച്ചത്.