പാലക്കാട് ഉപതിരഞ്ഞെടുപ്പു തീയതിമാറ്റം: ആവേശം ചോരാതെ സൂക്ഷിക്കണം, വിവാദങ്ങളിൽ ആശങ്കയും ആശ്വാസവും
Mail This Article
പാലക്കാട് ∙ കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്കു മാറ്റിയതോടെ പാർട്ടികൾക്കു പ്രചാരണത്തിനു കൂടുതൽ സമയം ലഭിക്കുമെങ്കിലും ചെലവു വർധിക്കും.ടോപ് ഗിയറിലേക്കു മാറിയ പ്രചാരണത്തിന്റെ ആവേശം ചോരാതെ സൂക്ഷിക്കണം. എന്തൊക്കെ വിവാദങ്ങളും വെളിപ്പെടുത്തലുകളും ഇനി വരുമെന്ന ആശങ്കയ്ക്കൊപ്പം, നിലവിലുള്ളവ ഒതുക്കാനും പരിഹരിക്കാനും സമയം ലഭിക്കുമെന്ന ആശ്വാസവും ബന്ധപ്പെട്ട പാർട്ടികൾക്കുണ്ട്. എന്നാൽ, കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ടവർക്ക് ഏറെ ആശ്വാസവും സന്തോഷവും നൽകുന്നതാണു തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനം.
നടപടി മുന്നണികളും സ്വാഗതം ചെയ്തു. പ്രചാരണവും അനുബന്ധ ഒരുക്കങ്ങളും അവസാന റൗണ്ടിലേക്കു കടക്കാനിരിക്കേയാണു 13നു തീരുമാനിച്ച വോട്ടെടുപ്പ്, കൽപാത്തി രഥോത്സവം കണക്കിലെടുത്ത് 20ന് ആക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ തീയതി മാറ്റണമെന്നു മുന്നണികളും, കൽപാത്തി ബ്രാഹ്മണ സമൂഹവും കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. 13ന് ഒന്നാം രഥപ്രയാണമായതിനാൽ ബൂത്തുകൾ ഒരുക്കാനും വോട്ടുചെയ്യാനും ബുദ്ധിമുട്ടാകുമെന്ന ആശങ്കയും അറിയിച്ചു.
വോട്ടെടുപ്പിനു ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. നിവേദനങ്ങളിൽ പ്രതികരണമില്ലാത്തതിനാൽ പാർട്ടികളും സ്ഥാനാർഥികളും അധികൃതരും പരിപാടികളും നടപടികളുമായി മുന്നോട്ടുപോയി. സ്ഥാനാർഥികൾ പര്യടനം ആരംഭിച്ചു. പ്രചാരണത്തിനു മന്ത്രിമാരുടെയും നേതാക്കളുടെയും തീയതികളും നിശ്ചയിച്ചു. 13 വരെയുളള തിരഞ്ഞെടുപ്പു സംവിധാനം എണ്ണയിട്ട യന്ത്രംകണക്കേ ഒാടുന്നതിനിടയിൽ തീയതി മാറിയതോടെ എല്ലാം പുനഃക്രമീകരിക്കണം. 7, 8 തീയതികളിലെ മുഖ്യമന്ത്രിയുടെ ക്യാംപെയ്ൻ 16, 17 തീയതികളിലേക്കു മാറ്റി.
സംസ്ഥാനമന്ത്രിമാർ, കോൺഗ്രസ്, ബിജെപി ദേശീയ നേതാക്കളുടെയും പരിപാടികൾ മാറ്റുമെന്നു നേതൃത്വം അറിയിച്ചു. രാഷ്ട്രീയ പോരാട്ടം ശക്തമായതിനാൽ മറ്റിടങ്ങളിലേതിനെക്കാൾ കൂടുതൽ നേതാക്കളും പ്രവർത്തകരും പാലക്കാട് ക്യാംപ് ചെയ്യുന്നുണ്ട്. 13ന് മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പു കഴിയുമ്പോൾ കൂടുതൽ നേതാക്കളും പ്രവർത്തകരും പാലക്കാട് എത്തും. അതോടെ ക്ഷീണംതട്ടാതെ വൻ പ്രചരണം നടത്താമെന്നതു നോട്ടമായി മുന്നണികൾ കാണുന്നു. എന്നാൽ, ആനുപാതികമായി ഫണ്ടും കണ്ടെത്തണം.