പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ആവേശം ചോരാതെ സ്ഥാനാർഥികൾ
Mail This Article
വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് രാഹുൽ
പാലക്കാട്∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം പാലക്കാട് നഗരസഭയുടെ ഭാഗമായുള്ള വെസ്റ്റ് മണ്ഡലത്തിൽ ആയിരുന്നു. രാവിലെ എട്ടുമണിയോടെ വാട്ടർ ടാങ്ക് ഭാഗത്തെ വോട്ടർമാരുടെ പിന്തുണ തേടിക്കൊണ്ടാണ് സ്ഥാനാർഥി ഗൃഹസന്ദർശനം ആരംഭിച്ചത്. കുണ്ടുതൊടി, ശിവജി റോഡ്, കോഴിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തിയ സ്ഥാനാർഥി കൽപാത്തി തേര് നടക്കുന്ന ദിവസം തിരഞ്ഞെടുപ്പ് ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്തു.
പിവിആർ കോളനി, പെഴുങ്കര, വിശ്വകർമ്മ കോളനി, പള്ളിപ്പുറം ഗ്രാമം, മേലാമുറി ജംക്‌ഷൻ, ചക്കാന്തറ, മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മേട്ടുതെരുവ്, നെല്ലിശ്ശേരി ഗ്രാമം, വടക്കന്തറ ക്ഷേത്രം, കറുകോടി എസ്എൻഡിപി ശാഖ, കാസിം കോളനി, താമരക്കുളം അയ്യപ്പക്ഷേത്രം, അംബേദ്കർ കോളനി, പട്ടിക്കര ജംക്‌ഷൻ, നൂറണി ജംക്‌ഷൻ, പട്ടാണി തെരുവ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച പര്യടനം മേഴ്സി കോളജ് ജംക്‌ഷനിൽ സമാപിച്ചു. എംപിമാരായ വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പിലും സ്ഥാനാർഥിയെ അനുഗമിച്ചിരുന്നു.
വികസന ആശയങ്ങൾ മുന്നോട്ടുവച്ച് കൃഷ്ണകുമാർ
പാലക്കാട്∙ നഗരസഭയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചർച്ചയാക്കിയും പാലക്കാടിന്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങൾ മുന്നോട്ടു വച്ചും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ റോഡ് ഷോ നടത്തി. വൈകിട്ട് 4ന് ശെൽവ പാളയത്ത് നിന്നാണ് റോഡ് ഷോ തുടങ്ങിയത്. നഗരസഭയിൽ തുടങ്ങിവച്ച വികസന പദ്ധതികൾ പൂർണതോതിൽ പ്രാവർത്തികമാക്കാൻ നിയമസഭയിൽ എൻഡിഎ പ്രതിനിധി വേണമെന്ന് സ്ഥാനാർഥി പറഞ്ഞു. വാലിപറമ്പ്, കുന്നത്തൂർ മേട്, ചിറക്കാട് കനാൽ, ഗോപാൽ കോളനി, മണ്ണാർക്കാട് പറമ്പ്, മണപ്പുള്ളിക്കാവ്, പണ്ടാരക്കാവ് ,കേനാത്ത് പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഷോയ്ക്കു സ്വീകരണം നൽകി.
തോട്ടിങ്കൽ, മുറിക്കാവ് വഴി യാക്കര ചുങ്കത്ത് റോഡ് ഷോ സമാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി എ.ഗംഗാധരൻ, നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, മണ്ഡലം പ്രസിഡന്റ് ബാബു, യുവ മോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, കൗൺസിലർ ദിവ്യ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കാളികളായി.
തിരഞ്ഞെടുപ്പ് ചിഹ്നം സമ്മാനിച്ച് സരിന്റെ വോട്ടഭ്യർഥന
പാലക്കാട്∙ പിരായിരി പഞ്ചായത്തിലെ അത്തിക്കൊട്ടുപറമ്പിൽ നിന്നാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ പര്യടനം ആരംഭിച്ചത്. പര്യടനത്തിനിടെ പിരായിരി ഗവ.എൽപി സ്കൂളിലെത്തിയ സ്ഥാനാർഥി സ്കൂൾ വിദ്യാർഥികൾക്ക് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ സ്റ്റെതസ്കോപ്പ് സമ്മാനിച്ചു. തിരഞ്ഞെടുപ്പിന് വോട്ടുചെയ്യുകയെന്നതു നിസാരകാര്യമല്ലെന്നും ജാഗ്രതയോടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കണമെന്നും കുന്നത്തൂർമേട് പ്രയാഗ കോളജിലെ വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെ സ്ഥാനാർഥി പറഞ്ഞു. പാലക്കാട്ടെ ചെറുപ്പക്കാരുടെ ഭാവി സുരക്ഷിതമാക്കുന്നതിനു താൻ വിഭാവനം ചെയ്യുന്ന പദ്ധതികൾ വിശദീകരിച്ച ശേഷമാണ് മടങ്ങിയത്. വികസന മുരടിപ്പിനെക്കുറിച്ച് ജനങ്ങളോടു ആശങ്ക പ്രകടിപ്പിച്ച സ്ഥാനാർഥി മാറ്റം വരുമെന്ന ഉറപ്പും ജനങ്ങൾക്കു നൽകി. പര്യടനം പൂങ്കുളത്ത് സമാപിച്ചു.