മുക്കണ്ണത്ത് കാട്ടുപന്നി ഇടിച്ച് അപകടം: ഡിഎഫ്ഒയുമായി ചർച്ച നടത്തി
Mail This Article
മണ്ണാർക്കാട് ∙ ടിപ്പുസുൽത്താൻ റോഡിൽ മുക്കണ്ണം ഭാഗത്ത് കാട്ടുപന്നി ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാർ മരിച്ച സംഭവത്തിന്റെ പശ്ചാതലത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുക്കണ്ണം ജനകീയ കൂട്ടായ്മ മണ്ണാർക്കാട് ഡിഎഫ്ഒയെ കണ്ടു ചർച്ച നടത്തി. സംഭവത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് ഡിഎഫ്ഒ ഉറപ്പു നൽകി. മുക്കണ്ണത്ത് ഒരു മാസത്തിനിടെ രണ്ടു പേരാണ് കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇനിയൊരു ജീവൻ കൂടി പൊലിയാതിരിക്കാനുള്ള അടിയന്തിര നടപടി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കൂട്ടായ്മ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഒരേ സ്ഥലത്താണ് രണ്ട് അപകടങ്ങളും നടന്നത്. പ്രദേശത്ത് കാട്ടുപന്നികളുടെ താവളങ്ങൾ ഏറെയുണ്ട്. ഇവിടങ്ങളിൽ തിരച്ചിൽ നടത്തി കൊല്ലണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ് പറഞ്ഞു. പന്നികൾ താവളമാക്കാൻ സാധ്യതയുള്ള സ്വകാര്യ വ്യക്തികൾ ഉൾപ്പെടെയുള്ളവരുടെ ഭൂമികളിലെ കാട് വെട്ട് തെളിയിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിഎഫ്ഒ പറഞ്ഞു. രണ്ട് അപകടങ്ങളുണ്ടായ മുക്കണ്ണം ഭാഗത്ത് കാട്ടുപന്നികൾ റോഡിലേക്ക് ഇറങ്ങുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് ഉടൻ പരിശോധിച്ച് നടപടി സ്വീകരിക്കും.
റോഡിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കൂട്ടായ്മ പ്രതിനിധികളോട് ഡിഎഫ്ഒ ആവശ്യപ്പെട്ടു. പന്നികളെ വെടിവച്ചു കൊല്ലാൻ വനംവകുപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യും. ഇതിനകം തന്നെ ഷൂട്ടർമാരുടെ ലിസ്റ്റും നമ്പറും നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തോക്ക് പൊലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്തിരിക്കുകയാണ്. ഇത് നീങ്ങുന്ന മുറയ്ക്ക് വെടിവച്ചു കൊല്ലാൻ നടപടി നഗരസഭ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനുള്ള സഹായവും നൽകുമെന്ന് ഡിഎഫ്ഒ പറഞ്ഞു. നടപടി വൈകിയാൽ സമീപ പഞ്ചായത്തുകളായ കാരാകുർശ്ശി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം നടത്തുമെന്ന് കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു. ഷാലി അബൂബക്കർ, അരവിന്ദൻ മണ്ണാർക്കാട്, തോമസ് മുക്കണ്ണം, രവി പൂക്കുത്ത്, എൻ.കൃഷ്ണൻകുട്ടി, പി.കേശവൻ, രാമചന്ദ്രൻ പൂക്കുത്ത്, സി.വി.കിഷോർ, ടി.ശങ്കരനാരായണൻ, യു.രമേശൻ, രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിഎഫ്ഒയെ കണ്ടത്.