ADVERTISEMENT

ചുണ്ടമ്പറ്റ ∙ ‘ഏതു സമയത്തും മണ്ണിടിഞ്ഞു അപകടം സംഭവിക്കാം. വാഹനങ്ങൾ വരുമ്പോൾ ഭയമാണ്. പ്രത്യേകിച്ചു വീടുകൾക്ക് പിന്നിലെ സ്കൂളിലേക്കുള്ള വാഹനങ്ങളാണെങ്കിൽ. സ്കൂളിലേക്ക് കെട്ടിട നിർമാണത്തിനായി മണ്ണും മണലുമായി ദിവസവും ലോറികൾ വരുമ്പോൾ മൺതിട്ടയും പാതയും ഇടിഞ്ഞു വീടുകൾ തകർന്നു നാശം സംഭവിക്കുമോ എന്നാണ് പേടി. പലതവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല’. ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്ത് താമസിക്കുന്ന കുടുംബങ്ങളുടെതാണ് വാക്കുകളാണിത്.

ഇന്നലെ രാവിലെ ഉണ്ടായ ലോറി അപകടത്തിന്റെ ഞെട്ടൽ മാറാതെ കുടുംബങ്ങൾ. മുകളിൽ സ്കൂൾ കെട്ടിടങ്ങളും 20 അടിയോളം താഴ്ചയിൽ വീടുകളുമാണ് ഇവിടെ. ഈ വീടുകൾക്കിടയിലൂടെ താൽക്കാലികമായി നിർമിച്ച മൺപാതയിലൂടെയാണ് വിദ്യാർഥികളും അധ്യാപകരും സ്കൂളിലേക്ക് പ്രവേശിക്കുന്നത്. മഴ പെയ്താൽ നനഞ്ഞു കുതിർന്ന് മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശമാണ്. ഈ മൺപാതയിലൂടെയാണ് സ്കൂളിലേക്കുള്ള വാഹനങ്ങളും പോകുന്നത്. ഇതാണ് സ്കൂൾ വളപ്പിനു താഴെ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയാകുന്നത്. സ്കൂളിലേക്ക് സുരക്ഷിതവും ശാശ്വതവുമായ വഴിയൊരുക്കണമെന്നും വീടുകൾ നിൽക്കുന്ന പ്രദേശത്തെ മൺതിട്ടകൾക്ക് സുരക്ഷാ മതിൽ ഒരുക്കണമെന്നും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. 

ഇന്നലെ രാവിലെ കോൺക്രീറ്റ് മിശ്രിതവുമായി എത്തിയ ടാങ്കർ ലോറി തലകീഴായി മറിഞ്ഞു ഒരു വീട് താമസിക്കാൻ പറ്റാത്ത വിധം കേടായി. വീട്ടുകാർ എല്ലാവരും പുറത്തിറങ്ങിയ സമയത്തായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 2800 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് ഇരുനില വീട് ഇനി വാസയോഗ്യമല്ലാത്ത വിധം തകർച്ചാ ഭീഷണിയിലായി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇവിടെ താമസിക്കുന്ന മറ്റു കുടുംബങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ പരാതിപ്പെട്ടു. വണ്ടുംതറ-ഇട്ടക്കടവ് റോഡിൽ ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം അപകടങ്ങൾ നിത്യസംഭവമാണ്. പാതയോരത്തെ വളവും മൺതിട്ടകളും ഉയർച്ചയുമാണ് അപകടങ്ങൾക്ക് കാരണം. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നാണ് ആവശ്യം.

English Summary:

Residents of Chundambatta are living in fear of landslides as heavy vehicles continue to use a dangerous temporary road leading to the local government school. A recent lorry accident, which severely damaged a house, has intensified calls for safety measures and a permanent access road. The community demands immediate action to prevent further accidents and ensure their safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com