ഉദ്ഘാടനം കാത്ത് താലൂക്ക് ആശുപത്രിക്കെട്ടിടം; പുതിയ കെട്ടിടം പൂർത്തിയായിട്ട് ഏഴുമാസം
Mail This Article
ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച പുതിയ കെട്ടിടം മാസങ്ങളായി ഉദ്ഘാടനം കാത്തു കിടക്കുന്നു. നിർമാണം പൂർത്തിയായി ഏഴുമാസം പിന്നിട്ട കെട്ടിടം പൂർണമായി പ്രവർത്തന സജ്ജമായിട്ടു രണ്ടു മാസം പിന്നിട്ടു. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ ക്രമീകരിക്കപ്പെട്ട കെട്ടിടമാണിത്. നിലവിലെ പരിമിതമായ സൗകര്യങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണു തുറക്കാനാവാത്തത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 10.65 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച 3 നില കെട്ടിടമാണിത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു തന്നെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു.
പെരുമാറ്റച്ചട്ടം വന്നതോടെ ഉദ്ഘാടനം നീണ്ടു. സെപ്റ്റംബറിൽ അഗ്നിരക്ഷാസേനയുടെ എൻഒസി ഉൾപ്പെടെയുള്ള രേഖകൾ ലഭിച്ചു. എന്നിട്ടും കെട്ടിടം തുറന്നില്ല. ഉദ്ഘാടനത്തിനുള്ള ആലോചനകൾക്കിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ വീണ്ടും പ്രതിസന്ധിയായി.നിലവിലെ സാഹചര്യത്തിൽ ഈമാസവും ഉദ്ഘാടനം നടത്താൻ കഴിയുമോയെന്ന കാര്യം സംശയമാണ്. ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയാണ് ഉദ്ഘാടനത്തിന് പരിഗണിക്കുന്നത്.
കെട്ടിടം ദീർഘകാലം അടഞ്ഞുകിടക്കുമ്പോൾ എലി പോലുള്ള ജന്തുക്കൾ കയറി വയറുകളും മറ്റും കടിച്ച് നശിപ്പിക്കുമോയെന്ന ആശങ്കയിലാണു നിർമാണക്കരാറുകാർ.പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം ഉദ്ഘാടനം നടത്തുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഒപി, അത്യാഹിത വിഭാഗം, സിടി സ്കാൻ, എക്സ്റേ യൂണിറ്റുകൾ, ചെറിയ ഓപ്പറേഷൻ തിയറ്റർ, ലാബുകൾ എന്നിവയാണു പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്യുന്നത്.