മുനമ്പം ഭൂമി വിഷയം: സർക്കാർ, ബിജെപി നിലപാടുകൾ ഒന്നെന്നു സതീശൻ
Mail This Article
പാലക്കാട് ∙ മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും ബിജെപിയുടെയും നിലപാട് ഒന്നാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നൽകിയ ഭൂമി എങ്ങനെയാണു വഖഫ് ഭൂമിയാകുന്നത് എന്നും സതീശൻ ചോദിച്ചു. പ്രശ്‌നം കോടതിയിൽ പരിഹരിക്കുമെന്നു വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞതിലൂടെ കള്ളക്കളി പുറത്തുവന്നു.
എങ്ങനെയാണ് ഈ പ്രശ്‌നം വഖഫ് നിയമവുമായി ബന്ധപ്പെടുത്തുക? സർവകക്ഷി യോഗം വിളിച്ചു പ്രശ്‌നം പരിഹരിക്കണം. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാൻ ശ്രമിച്ചപോലെ വഖഫ് വിവാദത്തിലൂടെ കേരളത്തിൽ ബിജെപിക്ക് ഇടംകൊടുക്കാനാണു സർക്കാർ ശ്രമം.
കേന്ദ്രവും സംസ്ഥാനവും കെ റെയിലിന് അനുകൂലമായി തീരുമാനമെടുത്താലും നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നു വി.ഡി.സതീശൻ വ്യക്തമാക്കി. പദ്ധതി പാരിസ്ഥിതികമായി സംസ്ഥാനത്തെ തകർക്കും. ഖജനാവിൽ പൂച്ച പെറ്റു കിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് ഒരുങ്ങുന്നത്. ബിജെപിയെ ജയിപ്പിക്കാൻ ഇറങ്ങിയതുകൊണ്ടാണു ബിജെപിയിലെ അടിയിൽ സിപിഎം വിഷമിക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ സിപിഎമ്മും ബിജെപിയും പരസ്പരം പുറംചൊറിയുകയാണ്.
ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ ഉത്തരവാദിത്തം 100% ഏറ്റെടുക്കും. എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കും. കോൺഗ്രസിനെ പിന്നിൽ നിന്നു കുത്തിയ ആളാണു പത്മജ. പാർട്ടിയിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയ ശേഷം ബിജെപിയിലേക്കു പോയി.കോൺഗ്രസിന്റെ സ്ഥാനാർഥിയെക്കുറിച്ച് ആലോചിക്കാൻ അവർ വരേണ്ട. കെ.മുരളീധരനോട് ആലോചിക്കും, അദ്ദേഹം കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് – വി.ഡി.സതീശൻ പറഞ്ഞു.