ADVERTISEMENT

ഷൊർണൂർ ∙ ട്രെയിൻ തട്ടി 4 പേർ മരിച്ച സംഭവത്തിൽ റെയിൽവേയ്ക്ക് എതിരെയും കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 50 ലക്ഷം രൂപയും ആശ്രിതർക്ക് റെയിൽവേയിൽ ജോലിയും നൽകാൻ തയാറാവണമെന്നും ആവശ്യപ്പെട്ട് സിപിഎം ഷൊർണൂർ ലോക്കൽ കമ്മിറ്റി ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. പി.മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം എം.സുരേന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ്, ഷൊർണൂർ ലോക്കൽ സെക്രട്ടറി എൻ.ഡി.ദിൻഷാദ്, റെയിൽവേ കോൺട്രാക്ട് കേറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് ആർ.ജി.പിള്ള, ലോക്കൽ കമ്മിറ്റി അംഗം കെ.എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ബിഎംഎസ് പ്രതിഷേധ മാർച്ച്
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചീകരണ തൊഴിലാളികൾ ട്രെയിൻ അപകടത്തിൽ മരിച്ചതിൽ റെയിൽവേ അധികാരികളും കോൺട്രാക്ടറും തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാത്തതിനാലാണെന്നു ആരോപിച്ച് ബിഎംഎസ് ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശശി ചോറോട്ടൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഷൊർണൂരിൽ ശുചീകരണത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് മതിയായ സുരക്ഷ ഒരുക്കുന്നതിൽ കരാറുകാർ അനാസ്ഥ കാട്ടുകയാണെന്നും മരിച്ചവരുടെ കുടുംബത്തിന് കുറഞ്ഞത് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ.ജി.അശോകൻ അധ്യക്ഷത വഹിച്ചു. സി. മനോജ്, രാജു തത്തനംപുള്ളി, പി.ജോബി ആന്റണി, ആർ.സുധാകരൻ, പി.കെ.സാജൻ എന്നിവർ പ്രസംഗിച്ചു.

റെയിൽവേ ധനസഹായം നൽകണം
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ച 4 കരാർ തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം റെയിൽവേ ധനസഹായം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് റെയിൽവേ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് സതേൺ റെയിൽവേ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ ജയകൃഷ്ണന് ഡിസിസി വൈസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു നിവേദനം നൽകി. ട്രെയിൻ കടന്നു പോകുന്ന ഷൊർണൂരിലെ രണ്ട് റെയിൽവേ മേൽപാലങ്ങൾക്ക് ചേർന്ന് അടിയന്തരമായി നടപ്പാലം നിർമിക്കണമെന്നും ഷൊർണൂരിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് റെയിൽവേ പ്രത്യേക പാക്കേജ് ആരോഗ്യ ഇൻഷുറൻസും നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary:

Following a tragic train accident that claimed the lives of four workers, the CPM Shoranur Local Committee staged a protest at the Shoranur Junction Railway Station. The protestors are demanding a comprehensive investigation into the incident, ₹50 lakhs compensation for the families of the deceased, and railway jobs for their dependents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com