കൽപാത്തി സംഗീതോത്സവത്തിന് അരങ്ങുണർന്നു
Mail This Article
കൽപാത്തി ∙ രഥോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീതോത്സവത്തിന് ചാത്തപ്പുരം മണി അയ്യർ റോഡിൽ പുതുക്കോട് കൃഷ്ണമൂർത്തി നഗറിൽ തിരിതെളിഞ്ഞു. ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർമാരായ പി.എൻ.സുബ്ബരാമൻ, പി.വിജയാംബിക, സ്വാമിനാഥൻ, പ്രോഗ്രാം കമ്മിറ്റി അധ്യക്ഷൻ മഹേഷ്കുമാർ, സംഗീതജ്ഞൻ പ്രകാശ് ഉള്ള്യേരി, ബ്രാഹ്മണസഭ മുൻ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ, ഡിടിപിസി സെക്രട്ടറി സിൽബർട്ട് ജോസ്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്.അനിൽകുമാർ, നോബിൾ ജോസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ടൂറിസം–സാംസ്കാരിക വകുപ്പുകളുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണു സംഗീതോത്സവം. അന്നമാചാര്യ ദിനമായ ഇന്നലെ ബെംഗളൂരു ബ്രദേഴ്സ് എം.ബി.ഹരിഹരൻ, എസ്.അശോക് എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ട്രിവാൻഡ്രം എൻ.സമ്പത്ത് (വയലിൻ), തിരുവാരൂർ ഭക്തവത്സലം (മൃദംഗം), വി.എസ്.പുരുഷോത്തം (ഗഞ്ചിറ) എന്നിവർ അകമ്പടിയേകി. കലാകാരൻമാരെ ജില്ലാ കലക്ടർ ആദരിച്ചു.
പുരന്ദരദാസ ദിനമായ ഇന്നു വൈകിട്ട് 4ന് ടി.അർച്ചനയുടെ സംഗീതക്കച്ചേരി അരങ്ങിലെത്തും. എൻ.വി.ശിവരാമകൃഷ്ണൻ വയലിനിലും കെ.ആർ.വെങ്കിടേശ്വരൻ (മൃദംഗത്തിലും ) അകമ്പടിയേകും. 5ന് പാലക്കാട് ചെമ്പൈ സ്മാര സർക്കാർ സംഗീത കോളജ് വിദ്യാർഥികളുടെ നാദാലാപനമാണ്. 7ന് ഐശ്വര്യ വിദ്യ രഘുനാഥ് കച്ചേരി അവതരിപ്പിക്കും. എൻ.മദൻ മോഹൻ (വയലിനിലും), മനോജ് ശിവ (മൃദംഗം), പയ്യന്നൂർ ഗോവിന്ദപ്രസാദ് (മുഖർശംഖ്) പക്കമേളമൊരുക്കും.