ഷൊർണൂർ - നിലമ്പൂർ റെയിൽവേ പാതയ്ക്ക് കുറുകെ മപ്പാട്ടുകരയിൽ റെയിൽവേ അടിപ്പാത; രൂപരേഖയായി
Mail This Article
മപ്പാട്ടുകര ∙ മപ്പാട്ടുകരയില്‍ റെയില്‍വേ അടിപ്പാത നിര്‍മിക്കുന്നതിന് രൂപരേഖയായി. പഞ്ചായത്ത് അധ്യക്ഷ വി.രമണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മപ്പാട്ടുകരയെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് റെയില്‍വേ അടിപ്പാത നിര്‍മിക്കുന്നത്. ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍വേ പാതയ്ക്ക് കുറുകെയാണ് അടിപ്പാത വരുന്നത്.
നിലവില്‍ ഇവിടെ അടിപ്പാത ഉണ്ടെങ്കിലും ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് ഇതിലൂടെ പോകാന്‍ കഴിയുക. മപ്പാട്ടുകരയിലെ ചെറിയ അടിപ്പാത മാറ്റി പതിയ അടിപ്പാത പണിയണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന വിധത്തില്‍ പുതിയ അടിപ്പാത പണിയുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുഹമ്മദ് മുഹസിന് എംഎല്‍എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യവുമായി എംഎല്‍എയും കുലുക്കല്ലൂര്‍ പഞ്ചായത്തും റെയില്‍വേയുമായും ബന്ധപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേയ്ക്കു നല്കിയ പരാതിയിലാണ് മപ്പാട്ടുകരയില്‍ അടിപ്പാത പണിയുന്നതിന് റെയില്‍വേ അനുമതി നല്‍കിയത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആറു കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയാറായതോടെയാണ് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയത്. 4 മീറ്റര്‍ വീതിയിലും നാലു മീറ്റര്‍ ഉയരത്തിലുമായിരിക്കും അടിപ്പാത പണിയുക.
ഇതിനായി റെയില്‍വേ പാതയുടെ കിഴക്ക് ഭാഗത്ത് 22 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടു സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ അടിപ്പാത നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ വി.രമണി അറിയിച്ചു.