റോഡ് നിരന്ന് ലോറികൾ; ദുരിതം പേറി യാത്രക്കാർ
Mail This Article
മംഗലംഡാം∙ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വർക്കിന്റെ ഭാഗമായി മംഗലംഡാം മുടപ്പല്ലൂർ റോഡിലുണ്ടായിട്ടുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് മേഖലയിലെ കരിങ്കൽ ക്വാറികളിലേക്ക് വന്നുപോകുന്ന ലോറികൾക്ക് സമയക്രമം ഏർപ്പെടുത്തിയത് മറ്റു യാത്രക്കാർക്ക് ദുരിതമാകുന്നു. ചിറ്റടി കഴിഞ്ഞുള്ള ഭാഗം വളയൽ പാലം വരെയും മുടപ്പല്ലൂർ ഭാഗത്തുനിന്ന് പഞ്ചായത്ത് കാര്യാലയം കഴിഞ്ഞ് പുഴപ്പാലം വരെയുമാണ് ലോറികൾ നിർത്തിയിടുന്നത്.
ഇരുഭാഗത്തും പത്തും പതിനഞ്ചും ലോറികൾ റോഡിൽ നിർത്തിയിടുന്നത് കൊണ്ട് ഒരു ദിശയിൽ മാത്രമാണ് വാഹനങ്ങൾക്ക് പോകാൻ കഴിയുന്നത്. എതിരെ വരുന്ന വാഹനത്തിന് കടന്നുപോകാൻ നിവൃത്തിയില്ലാത്തത് റോഡിൽ പലപ്പോഴും വാക്കേറ്റത്തിനും പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൂടാതെ പഞ്ചായത്ത് ഓഫിസ് കഴിഞ്ഞ് പാലം വരെയുള്ള ഭാഗത്ത് വളവുകളിൽ ലോറികൾ നിർത്തിയിടുന്നത് അപകടത്തിനും കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ക്വാറികളിലേക്കുള്ള വഴികളിലും മറ്റും ലോറികൾ നിർത്താൻ വിശാലമായ സ്ഥലമുണ്ടായിരിക്കെ റോഡിൽ കൊണ്ടു വന്ന് നിർത്തുന്നത് എന്തിനാണെന്നും സമയക്രമം പാലിച്ച് ക്വാറികളിൽ നിന്നു വിട്ടാൽ പോരേ എന്നുമാണ് നാട്ടുകാരുടെ ചോദ്യം. യാത്രക്കാരുടെ ദുരിതം കാണാതെ പൊലീസ് അടക്കമുള്ള അധികൃതർ ക്വാറിക്കാർക്ക് സൗകര്യമൊരുക്കുകയാണെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.