വീണ്ടും സ്പിരിറ്റ് വേട്ട; ഇത്തവണ പിടികൂടിയത് 1326 ലീറ്റർ, ഒരാൾ അറസ്റ്റിൽ
Mail This Article
എരുത്തേമ്പതി ∙ വണ്ണാമട മലയാണ്ടി കൗണ്ടനൂരിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിനുള്ളിലുള്ള കെട്ടിടത്തിലെ മുറിയിൽ 39 കന്നാസുകളിലായി സൂക്ഷിച്ചിട്ടുള്ള 1326 ലീറ്റർ സ്പിരിറ്റ് എക്സെസ് സംഘം പിടികൂടി. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. അധികൃതർക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റ് എത്തിച്ച് സൂക്ഷിച്ച സംഭവത്തിൽ കോഴിപ്പതി വിനായക കോവിൽ സ്ട്രീറ്റിൽ മെത്ത വീട്ടിൽ എൻ.മുരളിയെ (50) പിടികൂടി എക്സെസ് സംഘം അറസ്റ്റു ചെയ്തു. നിലവിൽ സ്പിരിറ്റ് പിടികൂടിയ തോപ്പിൽ കള്ള് ചെത്ത് നടത്തുന്നില്ലെന്നും മുൻപ് ചെത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ഷെഡിൽ നിന്നാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയിട്ടുള്ളത് കഴിഞ്ഞ വെള്ളിയാഴ്ച ഇരുചക്രവാഹനത്തിൽ കടത്താൻ ശ്രമിച്ച 35 ലീറ്റർ കൊള്ളുന്ന 3 കന്നാസുകളിലായി 34 ലീറ്റർ വീതം 102 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയിരുന്നു.
രണ്ടു ദിവസം മുൻപ് കന്നിമാരിയിൽ പൊലീസ്, ലഹരി വിരുദ്ധ സ്ക്വാഡ് ചേർന്ന് 1400 ലീറ്റർ സ്പിരിറ്റ് ശേഖരം പിടികൂടിയിരുന്നു. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിരജനീഷ്, ജില്ലാ ഐബി ഇൻസ്‌പെക്ടർ എൻ. നൗഫൽ, ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബാലഗോപാൽ, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ജെ.ഓസ്റ്റിൻ, ആർ.എസ്. സുരേഷ്, ടി.ആർ. വിശ്വകുമാർ, വി.ആർ.സുനിൽകുമാർ, കെ.പ്രസാദ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
‘സ്പിരിറ്റ് ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എത്തിച്ചത്’ ’
ചിറ്റൂർ കേന്ദ്രീകരിച്ചു തുടരെത്തുടരെ പിടിക്കുന്ന സ്പിരിറ്റ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എത്തിച്ചതാണെന്ന് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ ആരോപിച്ചു. ചിറ്റൂരിലെ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള വ്യാജമദ്യ നിർമാണ, സ്പിരിറ്റ് കടത്ത് സംഘത്തിലെ കണ്ണികളാണ് ഇതിനു പിന്നിൽ. കഴിഞ്ഞ വർഷങ്ങളിൽ സിപിഎമ്മിന്റെ നിരവധി നേതാക്കൾ സ്പിരിറ്റ് കേസിൽ പിടിക്കപ്പെട്ടിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ പ്രാദേശിക നേതാക്കൾ സ്പിരിറ്റ് ഒഴുക്കുമ്പോൾ പൊലീസ്, എക്സൈസ് സംഘങ്ങൾ വർഷത്തിൽ ചിലരെ പിടികൂടി കണ്ണിൽ പൊടിയിടുകയാണ്. തിരഞ്ഞെടുപ്പ് കാലത്തുള്ള പാലക്കാട്ടെ സ്പിരിറ്റ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.