ട്രോളി വലിക്കാനില്ലെന്ന് വി.മുരളീധരൻ; ചർച്ചചെയ്യേണ്ടത് മുഖ്യമന്ത്രി നിസ്സഹായനാകുന്ന ഇടപാടുകൾ
Mail This Article
പാലക്കാട് ∙ ആ ട്രോളി വലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി ആ പാർട്ടിയും സിപിഎമ്മിലെ ഒരു വിഭാഗവും ചേർന്നൊരുക്കിയ നാടകമാണിത്. ട്രോളിക്കു പിന്നാലെ പോകുന്നത് കോൺഗ്രസിനും സിപിഎമ്മിനുമാണു സഹായകമാകുക. പാലക്കാട്ട് കഴിഞ്ഞ കാലങ്ങളിലും ഇക്കൂട്ടർ ഈ അന്തർധാര നടപ്പാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി.പി.ദിവ്യയ്ക്കെതിരായ പാർട്ടി നടപടി ജനങ്ങളെ പറ്റിക്കാനാണ്. നവീൻ ബാബുവിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിൽ ബിജെപി സാധ്യമായ പിന്തുണ നൽകും. എഡിഎമ്മിന്റെ മരണത്തിലെ ഗൂഢാലോചനയെക്കുറിച്ചു പൊലീസും സിപിഎമ്മും കോൺഗ്രസും ഒന്നും പറയുന്നില്ല. ദിവ്യയ്ക്കായി സിപിഎമ്മും പൊലീസും പ്രോസിക്യൂഷനും നിയമവാഴ്ച അട്ടിമറിക്കുകയാണ്. കലക്ടറുടെ നിലപാടും സംശയകരമാണ്.
മുഖ്യമന്ത്രി നിസ്സഹായനായി മാറുകയാണോ എന്നു സംശയമുണ്ട്. അങ്ങനെ മുഖ്യമന്ത്രി നിസ്സഹായനാകുന്ന ഇടപാടുകൾ എന്തൊക്കെയെന്നും ചർച്ചചെയ്യണം. ആന്തൂരിൽ സാജന്റെ മരണത്തിലും തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചതിലും യൂത്ത് കോൺഗ്രസുകാരെ ചെടിച്ചട്ടികൊണ്ട് ആക്രമിച്ചതിലും കേസ് അട്ടിമറിക്കുന്നതു കേരളം കണ്ടു. ട്രോളിക്കു പിന്നാലെ പോകാതെ ഇത്തരം വിഷയങ്ങളാണു ചർച്ചചെയ്യേണ്ടതെന്നു മുരളീധരൻ പറഞ്ഞു. .